തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബി (37)നാണ് മരിച്ചത്. കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ ഭര്‍ത്താവ് സുബിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസില്‍ കേസും നിലവിലുണ്ട്. ഒരു മാസം മുമ്പാണ് കൊലപാതകം നടന്ന വീട്ടില്‍ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ ഇളയ മകന്‍ സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ രജനി അനക്കമില്ലാതെ രക്തം വാര്‍ന്നു കിടക്കുന്നതു കണ്ടു. മകന്‍ ഉറക്കെ ബഹളം വെച്ചതോടെ സമീപത്തുള്ളവര്‍ ഓടിയെത്തി. വിവരം സമീപവസിയായ ഗ്രാമപഞ്ചായത്ത് അംഗം ബിജു ചെമ്പ്‌ലാവനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ രജനി തലക്ക് മാരകമായി പരിക്കേറ്റ് രക്തം വാര്‍ന്നു മരിച്ചതായി സ്ഥിരീകരിച്ചു.

ഉച്ചക്ക് ഒന്നരയോടെ ഭര്‍ത്താവ് സുബിന്‍ പരപ്പില്‍നിന്ന് ബസ്സില്‍ കയറി പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. മൂവരും വിദ്യാര്‍ഥികളാണ്. മൃതദേഹം ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇടുക്കിയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.