തിരുവനന്തപുരം: പെണ്‍സുഹൃത്തില്‍നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെ തിരഞ്ഞെത്തിയ പത്തംഗസംഘത്തിന്റെ ആക്രമണത്തില്‍ 48കാരന് ഗുരുതര പരിക്ക്. കോട്ടുകാല്‍ വട്ടവിള സ്വദേശി ബിനുവിനെ(48) ആണ് യുവാക്കളുടെ സംഘം കരിങ്കല്ലും തടിയും കമ്പിയും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. ബിനുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ്ചെയ്തു. ബാക്കി നാലുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ബിനുവിന്റെ മകനായ അഭിനവ് തന്റെ പെണ്‍സുഹൃത്തില്‍നിന്ന് 65,000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് സമയബന്ധിതമായി തിരികെ നല്‍കിയിരുന്നില്ല. ഇതുസംബന്ധിച്ച് പെണ്‍സുഹൃത്തും അഭിനവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പണം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന് പെണ്‍കുട്ടി തന്റെ മറ്റൊരു ആണ്‍സുഹൃത്തും കേസിലെ രണ്ടാംപ്രതിയുമായ അഫിനോട് പരാതിയുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഫിന്‍ തന്റെ സുഹ്യത്തുക്കളായി അഭിനവിന്റെ വീട്ടിലെത്തിയത്. അഭിവനവിനെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഭിനവിന്റെ അച്ഛന്‍ ബിനുവിനെ കല്ലും തടിയും കമ്പിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എസ്ഐ വിജിത് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു പത്തംഗസംഘം ബിനുവിന്റെ വീട്ടിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളില്‍ ആറുപേരാണ് പിടിയിലായിട്ടുള്ളത്. കൊല്ലയില്‍ മഞ്ചവിളാകം സ്വദേശി സ്റ്റാലിന്‍(18), പരശുവയ്ക്കല്‍ നെടിയംകോട് ജോഫി ഭവനില്‍ അഫിന്‍(18), കുന്നത്തുകാല്‍ എളളുവിള സ്വദേശി സനോജ്(18), കാരക്കോണം വണ്ടിത്തടം പ്ലാങ്ങല ജിനോ ഭവനില്‍ ജിനോ എന്ന രജികുമാര്‍(20), തമിഴ്‌നാട് കരുമാനൂര്‍ അമ്പലച്ചിറ പുത്തന്‍വീട്ടില്‍ ശ്രീഹരി(18), മാറന്നല്ലൂര്‍ പെരുമ്പഴൂതൂര്‍ പദ്മവിലാസത്തില്‍ ഭരത്ശങ്കര്‍(18) എന്നിവരെയാണ് അറസ്റ്റുചെയ്തത്. എസ്.എച്ച്.ഒ. സുനില്‍ ഗോപി, രാജേഷ്, പ്രസന്നകുമാര്‍, എ.എസ്.ഐ. രജിതാ മിനി, സീനിയര്‍ സി.പി.ഒ.മാരായ വിനയകുമാര്‍, സാബു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.