കോന്നി: പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി പെൺകുട്ടിയെ സ്വന്തമാക്കാൻ മനഃപൂർവം വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ കാമുകനും സുഹൃത്തും അറസ്റ്റിലായി റിമാൻഡിൽ. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ, പയ്യനാമൺ സ്വദേശി അജാസ് എന്നിവരെയാണ് കോന്നി പോലീസ് നരഹത്യാശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 23-ന് നടന്ന സംഭവത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ഡിസംബർ 23-ന് സ്കൂട്ടറിൽ വരികയായിരുന്ന യുവതിയെയാണ് ഇരുവരും ചേർന്ന് അപകടത്തിൽപ്പെടുത്തിയത്. കാമുകനായ രഞ്ജിത്തിന്റെ നിർദേശപ്രകാരം സുഹൃത്ത് അജാസ് യുവതിയുടെ സ്കൂട്ടറിൽ കാറിടിപ്പിച്ച് നിർത്താതെ കടന്നുകളയുകയായിരുന്നു. അപകടം നടന്നയുടൻ നാടകീയമായി സ്ഥലത്തെത്തിയ രഞ്ജിത്ത് രാജൻ, താൻ പെൺകുട്ടിയുടെ ഭർത്താവാണെന്ന് നാട്ടുകാരോട് കള്ളം പറഞ്ഞ് യുവതിയെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.

പെൺകുട്ടിയുടെ കുടുംബത്തിന്റെ സഹാനുഭൂതി നേടി, താനൊരു നല്ല ചെറുപ്പക്കാരനാണെന്ന് വരുത്തിത്തീർത്ത് യുവതിയെ സ്വന്തമാക്കുക എന്നതായിരുന്നു രഞ്ജിത്തിന്റെ ലക്ഷ്യം. എന്നാൽ, ഈ അപകടത്തിൽ യുവതിക്ക് ദേഹമാസകലം പരിക്കേറ്റിരുന്നു. കോന്നി പോലീസ് ആദ്യം വാഹനാപകടക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും, പിന്നീട് ഇത് മനഃപൂർവമുണ്ടാക്കിയ അപകടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഈ വ്യാജ അപകടത്തിന്റെ സൂത്രധാരരായ രഞ്ജിത്ത് രാജനെയും അജാസിനെയും നരഹത്യാശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.