തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ പ്രത്യേക അന്വേഷണ സംഘം നല്‍കുന്നത് അതിശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന സൂചന. വിശ്വാസവഞ്ചന, വിലപ്പെട്ട രേഖകളിലെ വ്യാജരേഖ ചമയ്ക്കല്‍, അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ അധികാരി എന്ന നിലയിലുള്ള വിശ്വാസവഞ്ചനയ്ക്കും വ്യാജരേഖാ നിര്‍മ്മാണത്തിനും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങള്‍ മോഷ്ടിച്ച കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ദേവസ്വം മാനുവല്‍ ലംഘിക്കാന്‍ കൂട്ടുനിന്നതിനൊപ്പം, സ്വര്‍ണ്ണത്തിന് പകരം ചെമ്പ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയ മഹസറില്‍ തന്ത്രി ബോധപൂര്‍വ്വം ഒപ്പിട്ടുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അറിവില്ലെന്ന നിലപാടിലായിരുന്നു തന്ത്രി. ആ ആത്മവിശ്വാസത്തിലാണ് വെള്ളിയാഴ്ചയും അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായ തെളിവുകള്‍ നിരത്തിയതോടെ തന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. സഹായിയ്‌ക്കൊപ്പമാണ് തന്ത്രി എത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.