- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ആഡംബര വാച്ചുകളും വാങ്ങിപ്പിച്ചിരുന്നു; പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടു'; രാഹുലിനെതിരെ ലൈംഗിക പീഡനത്തിനും ഗര്‍ഭച്ഛിദ്രത്തിനും പുറമെ സാമ്പത്തിക ചൂഷണാരോപണവുമായി യുവതി
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്‍ യുവതി ഉന്നയിച്ചിരിക്കുന്നത് ലൈംഗിക പീഡനത്തിനും ഗര്‍ഭച്ഛിദ്രത്തിനും പുറമെ സാമ്പത്തിക ചൂഷണാരോപണവും. രാഹുലിന്റെ നിര്‍ബന്ധ പ്രകാരം പലപ്പോഴായി യുവതിയെക്കൊണ്ട് ആഡംബര വസ്തുക്കള്‍ വാങ്ങിപ്പിച്ചിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ആഡംബര വാച്ചുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളോടുമായിരുന്നു രാഹുലിന്റെ താല്‍പര്യം. ഇവയ്ക്ക് പുറമേ പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങിനല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നെന്നും യുവതി പറയുന്നു.
രാഹുലിനെതിരെ അഞ്ച് പരാതികളാണ് ഉന്നയിക്കപ്പെട്ടെങ്കിലും മൂന്ന് പരാതികള്‍ക്ക് മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവയില്‍ ആദ്യത്തേതിന് സമാനമാണ് മൂന്നാമത്തെ പരാതിയും. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പത്തനംതിട്ട സ്വദേശിനിയുടെ പരാതി വ്യക്തമാക്കുന്നു. മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്ത രാഹുല്‍ ഓവുലേഷന്‍ ദിവസമാണെന്നറിഞ്ഞിട്ടും കുഞ്ഞുണ്ടാവട്ടെ എന്നുപറഞ്ഞ് ക്രൂരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തുകയായിരുന്നെന്നും യുവതി പറയുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ അസ്യഭ്യവും ഭീഷണിയുമായിരുന്നു രാഹുലിന്റെ പ്രതികരണം. കുഞ്ഞിന്റെ പിതൃത്വവും രാഹുല്‍ നിഷേധിച്ചതായും യുവതി പറയുന്നു. ഇതില്‍ മനംനൊന്താണ് താന്‍ ഡിഎന്‍എ പരിശോധനയ്ക്ക് പോയതെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിന് വേണ്ടി രാഹുലിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായതായും പരാതിയിലുണ്ട്. വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് രാഹുലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നതെന്നും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ താനുമായി പ്രണയബന്ധം സ്ഥാപിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. ഇവയ്‌ക്കെല്ലാം പുറമെയാണ് സാമ്പത്തികമായും രാഹുല്‍ തന്നെ ചൂഷണം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.
വിദേശത്താണ് ഇപ്പോള്‍ യുവതിയുള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിന്റെ വിശദമായ മൊഴി എടുക്കും. എസ്‌ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഇന്നലെ അര്‍ദ്ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാന്‍ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ആദ്യ രണ്ടു പരാതികളിലേതുപോലെ തന്നെ ബലാത്സംഗവും പീഡനവും ഭീഷണിയും ആരോപിച്ച് ആണ് ഈ പരാതിയും വന്നിട്ടുള്ളത്. ഇപ്പോള്‍ വിദേശത്ത് താമസിക്കുന്ന വിവാഹിതയായ യുവതി ആണ് രാഹുല്‍ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ഇ മെയില്‍ വഴി പരാതി നല്‍കിയത്. വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടതെന്നും പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ഒരു കുഞ്ഞ് വേണം എന്നും കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഒരു ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞു. റൂമില്‍ എത്തിയപാടെ ഒരു വാക്ക് പോലും പറയാതെ കടന്നാക്രമിച്ചു. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം എന്ന് പരാതിക്കാരി പറയുന്നു. മുഖത്ത് അടിക്കുകയും ദേഹമാകെ മുറിവുണ്ടാകുകയും ചെയ്തു. ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. മറ്റ് ആരുടെ എങ്കിലും കുഞ്ഞാകും എന്ന് അധിഷേപിക്കുകയും ചെയ്തു. അതില്‍ മനം നൊന്ത് താന്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറായി. എന്നാല്‍ രാഹുല്‍ വിസമ്മതിച്ചു. ഇതിനുള്ള തെളിവുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനുള്ള കടുത്ത സമ്മര്‍ദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും ഉണ്ടായി. ഇതിനിടെ ഗര്‍ഭം അലസി. ഇക്കാര്യം പറയാന്‍ വിളിച്ചപ്പോള്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. കടുത്ത ശാരീരിക മനസിക പ്രശ്‌നങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. പാലക്കാട് ഒരു ഫ്‌ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഫ്‌ലാറ്റ് വാങ്ങാനായി താനും രാഹുലും ഒരു നിര്‍മാണ ഗ്രൂപ്പിനെ സമീപിച്ചു. ഫ്‌ലാറ്റ് വാങ്ങല്‍ നടന്നില്ല എങ്കിലും പലപ്പോഴായി രാഹുല്‍ തന്നില്‍ നിന്നും വലിയ സാമ്പത്തിക സഹായം കൈപ്പറ്റി. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വാങ്ങി നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നപ്പോള്‍ താനും പരാതിയുമായി മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുല്‍ ഭീഷണിപ്പെടുത്തി. കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്നുമാണ് യുവതിയുടെ പരാതിയിലെ വിശദാംശങ്ങള്‍.




