മെൽബൺ: പങ്കാളിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കഴിഞ്ഞ കേസിൽ, പ്രതിയായ ജോയൽ മൈക്കലെഫിന് ജയിൽ ശിക്ഷ ഒഴിവാക്കി. മാനസികാരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജോയലിന് ചികിത്സ നൽകാനാണ് വിക്ടോറിയ സുപ്രീം കോടതി ഉത്തരവിട്ടത്. 2024 ഒക്ടോബർ 26-ന് മെൽബണിൽ വെച്ചാണ് അക്കൗണ്ടന്റായ നികിത അസോപാർഡി കൊല്ലപ്പെട്ടത്.

വർഷങ്ങളായി നീണ്ടുനിന്ന അഭിപ്രായഭിന്നതകൾ രൂക്ഷമായതിനെ തുടർന്ന് വീട് വിട്ടിറങ്ങാൻ ഒരുങ്ങുകയായിരുന്നു നികിത. വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് യാത്രയ്ക്ക് തയ്യാറായെങ്കിലും, കാറിന്റെ താക്കോൽ കണ്ടെത്താനോ പൂട്ടിയിരുന്ന വീടിന് പുറത്ത് കടക്കാനോ അവർക്ക് സാധിച്ചില്ല. അൽപസമയത്തിന് ശേഷം പുറത്ത് പോയിരുന്ന കാമുകൻ ജോയൽ മൈക്കലെഫ് വീട്ടിലെത്തുകയും നികിതയെ അതിക്രൂരമായി മർദിക്കുകയും ചെയ്തു. ഈ മർദനമാണ് അവരുടെ മരണത്തിലേക്ക് നയിച്ചത്. ക്രൂരകൃത്യത്തിന് ശേഷം ജോയൽ മൃതദേഹത്തിനൊപ്പമാണ് കഴിഞ്ഞത്.

രണ്ട് ദിവസമായി വിവരങ്ങളില്ലാത്തതിനെ തുടർന്ന് നികിതയുടെ സഹോദരങ്ങളായ ഷോണും ഡാരനും സഹോദരിയുടെ വീട്ടിലെത്തി. വീട്ടിൽ നിന്ന് പ്രതികരണമില്ലാത്തതിനാൽ പൂട്ടി കിടന്ന വീട് പൊളിച്ച് അകത്ത് കയറിയപ്പോൾ ചേതനയറ്റ നിലയിലുള്ള നികിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം കാമുകനായ ജോയലിനെയും ഇവർ കണ്ടെത്തി.

2017-ലാണ് അക്കൗണ്ടന്റായ നികിത അസോപാർഡി ജോയൽ മൈക്കലെഫിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. 2019 മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും വർഷങ്ങൾ കഴിയുന്തോറും അവ രൂക്ഷമാവുകയുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാമെന്ന പ്രതീക്ഷയിലായിരുന്നു നികിത.

കേസിൽ അറസ്റ്റിലായ ജോയൽ, മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചു. എന്നാൽ, വിക്ടോറിയ സുപ്രീം കോടതിയിൽ കേസ് എത്തിയപ്പോൾ പ്രതിയുടെ അഭിഭാഷകൻ ജോയലിന് മാനസിക രോഗമുണ്ടെന്ന് വാദിക്കുകയായിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം മാനസികാരോഗ്യ വിദഗ്ധർ നടത്തിയ പരിശോധനയിൽ, ഫൊറൻസിക് സൈക്യാട്രിസ്റ്റ് ആൻഡ്രൂ കരോൾ (Andrew Carroll) ജോയലിന് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ശിക്ഷ ഒഴിവാക്കി ചികിത്സ നൽകാൻ കോടതി വിധിച്ചത്.