- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീണ്ടും സുരക്ഷാ വീഴ്ച്ച; കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നു : കേസെടുത്ത് അന്വേഷണമാരംഭിച്ച് പൊലിസ്; ഡ്രോണ്‍ വരുന്നത് തടവു പുള്ളികള്‍ക്ക് 'സാധനം' നല്‍കാനോ?
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമീപം വീണ്ടും സുരക്ഷാ വീഴ്ച. അതീവ സുരക്ഷാ മേഖലയായ ജയില്‍ പരിസരത്ത് ഡ്രോണ്‍ പറന്ന സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയില്‍ ജോയിന്റ് സൂപ്രണ്ടന്റ് ടി.ജെ. പ്രവീണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരി 10 ശനിയാഴ്ച വൈകുന്നേരം 4:20-ഓടെയാണ് സംഭവം. സെന്‍ട്രല്‍ ജയിലിന്റെ പശുത്തൊഴുത്തിന് സമീപത്ത് കൂടി വനിതാ ജയിലിന്റെ ഭാഗത്തേക്കാണ് ഡ്രോണ്‍ പറന്നത്. ലഹരിക്കടത്ത് മാഫിയയാണോ ഇതിന് പിന്നിലെന്ന് പോലീസ് ശക്തമായി സംശയിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാഷിഷ് ഓയിലുമായി ഒരു തടവുകാരനെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ കൂടി എത്തിയത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
ജയിലിനുള്ളിലേക്ക് നിരോധിത വസ്തുക്കള്‍ എത്തിക്കാനാണോ ഡ്രോണ്‍ ഉപയോഗിച്ചതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മുമ്പും കണ്ണൂര്‍ ജയിലിന് മുകളില്‍ ഡ്രോണ്‍ പറത്തിയെന്ന വിവാദം ഉണ്ടായിരുന്നു. ജയിലിനുള്ളിലുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വനിതാ ജയില്‍ ഭാഗത്തേക്ക് നീങ്ങിയെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
. ജനുവരി 10ന് വൈകുന്നേരം 4.20നും 4.30നും ഇടയില്‍ സെന്‍ട്രല്‍ ജയിലിലെ പശുത്തൊഴുത്തിന് ഭാഗത്ത് കൂടെ ഒരു ഇലക്ട്രിക് ഉപകരണം വനിത ജയില്‍ ഭാഗത്തേക്ക് പറത്തി എന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നിരുന്നു. ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയാവും വിധമാണ് ഡ്രോണ്‍ പറത്തിയത്.
അന്ന് ജയില്‍ കെട്ടിടത്തിനുള്ളിലെ ഓഫീസിനു മുകളിലായി 25 മീറ്റര്‍ ഉയരത്തില്‍ ആയിരുന്നു ഡ്രോണ്‍ പറന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജയില്‍ ജീവനക്കാരന്‍ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുതവണ ജയില്‍ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോണ്‍ മടങ്ങിയത്.




