- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് കെപിഎം ഹോട്ടലില്‍ പരിശോധന; വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തും

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെപിഎം ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരിക്കുന്നത്. ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിട്ടില്ല. ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ കോടതി മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിലവില്‍ എആര്‍ ക്യാംപിലേക്കാണ് എത്തിച്ചിരിക്കുന്നത്. പാലക്കാട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് എസ്‌ഐടി അറിയിച്ചിട്ടുണ്ട്.
തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിച്ചില്ല. മൂന്നുദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ചൊവ്വാഴ്ച 12.15ന് കോടതി ചേരുകയും രാഹുലിന്റെ കേസ് ആദ്യംതന്നെ വിളിക്കുകയും ചെയ്തു. അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കസ്റ്റഡിയില്‍ വിടരുതെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവുശേഖരണം നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്നത് പാലിച്ചില്ല. അറസ്റ്റ് ചെയ്തപ്പോള്‍ കേസിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയിച്ചില്ല. ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചത്. ഭരണഘടനാവകാശ ലംഘനമുണ്ടായി. സാക്ഷികള്‍ വേണമെന്ന മിനിമം കാര്യങ്ങള്‍ പോലും പാലിച്ചില്ല. കേസ് രാഷ്ട്രീയ പ്രേരിതമെന്നും വാദമുയര്‍ന്നു.


