- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെരുമ്പാമ്പിനെ പിടികൂടണമെന്ന് 'സര്‍പ'യിലേക്ക് ഫോണ്‍ കോള്‍; വനംവകുപ്പ് ജീവനക്കാര്‍ നെടുമങ്ങാട് എത്തിയപ്പോള്‍ കണ്ടത് കൂറ്റന്‍ അണലിയെ; പ്രദേശവാസികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത് ഇങ്ങനെ

തിരുവനന്തപുരം: റോഡിന് അരികിലെ മതിലില്‍ കണ്ട പെരുമ്പാമ്പിനെ പിടികൂടാന്‍ ഉടന്‍ എത്തണമെന്ന നെടുമങ്ങാട്ടുകാരുടെ ആവശ്യപ്രകാരം എത്തിയ വനംവകുപ്പ് ജീവനക്കാര്‍ രാത്രിയില്‍ പിടികൂടിയത് കൂറ്റന്‍ അണലിയെ. നെടുമങ്ങാട് മണക്കോട് പ്രദേശത്താണ് സംഭവം. 'സര്‍പ'യിലേക്ക് ബുധനാഴ്ച രാത്രി പെരുമ്പാമ്പിനെ കണ്ടു എന്നുപറഞ്ഞ് നെടുമങ്ങാട് നിന്ന് ഒരു കോള്‍ വന്നു. എന്നാല്‍ വനംവകുപ്പ് ജീവനക്കാര്‍ എത്തിയപ്പോള്‍ പെരുമ്പാമ്പിനെയൊന്നും അവിടെ കണ്ടില്ല. പകരം കൂറ്റന്‍ അണലിയുണ്ട്. റോഡിന് അരികിലെ മതിലിലാണ് അണലി ഇരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വലിയൊരു സംഘം നാട്ടുകാര്‍ അവിടെ തടിച്ചുകൂടി നില്‍പുണ്ടായിരുന്നു.
ഒറ്റനോട്ടത്തില്‍ അണലിയെ കണ്ട് പെരുമ്പാമ്പാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ ആളുകള്‍ അപകടത്തില്‍ പെടാറും ഉണ്ട്. വളരെ അപകടകാരിയാണ് അണലി. ഉഗ്രവിഷമുള്ള പാമ്പുകളില്‍ പെട്ട ഒന്നാണ്. കടിയേറ്റാല്‍ ജീവന്‍ രക്ഷിക്കുന്നതും ശ്രമകരമാണ്. വളരെ വേഗത്തില്‍ 360 ഡിഗ്രി വരെ തിരിഞ്ഞ് കടിക്കാന്‍ അണലിക്ക് കഴിയും.
വനം വകുപ്പിന്റെ ആര്‍.ആര്‍.ടി അംഗവും സ്‌നേക്ക് ക്യാച്ചറുമായ രോഷ്‌നിയും സംഘവുമാണ് സ്ഥലത്തെത്തിയത്. മതില്‍ കെട്ടിനകത്ത് ചുരുണ്ടു കൂടിയിരിക്കുന്നത് പെരുംപാമ്പല്ല അണലിയാണെന്ന് അവര്‍ക്ക് മനസിലായി. നാട്ടുകാരുടെ സഹായത്തോടെ മതില്‍ കെട്ട് പൊളിച്ച് ഏറെ പണിപ്പെട്ടാണെങ്കിലും അണലിയെ രോഷ്‌നി ബാഗിനുള്ളിലാക്കി. ഈ ഭാഗത്ത് നിന്ന് രാത്രിയില്‍ ഒരു മൂര്‍ഖനെയും വനം വകുപ്പ് പിടികൂടിയിട്ടുണ്ട്.
രോഷ്‌നിക്കൊപ്പം വനം വകുപ്പ് ജീവനക്കാരായ ഷിബു, രോഹിണി, സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പാമ്പുകള്‍ ഇണ ചേരുന്ന സമയമാണ് ഇപ്പോള്‍. മാത്രമല്ല ചൂടും കൂടുതലായി വര്‍ധിക്കുന്ന സമയമാണ്. അതിനാല്‍ മാളങ്ങളില്‍ നിന്നും കല്ലുകെട്ട് പോലെയുള്ളവക്കുള്ളില്‍ നിന്നും പാമ്പുകള്‍ പുറത്തിറങ്ങി വരാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.


