തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാന്‍ അന്വേഷണ സംഘം നീക്കം ഊര്‍ജിതമാക്കി. ദ്വാരപാലക ശില്പ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാനിരിക്കെ, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിച്ചേക്കും. ആദ്യ ഘട്ട കുറ്റപത്രമാകും ഉടന്‍ നല്‍കുക. പിന്നീടും അന്വേഷണം തുടരും.

കഴിഞ്ഞ ഒക്ടോബര്‍ 17-നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കേസില്‍ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും. നിയമപരമായ ഈ പഴുത് ഉപയോഗിച്ച് പ്രതി പുറത്തിറങ്ങാതിരിക്കാനാണ് എസ്.ഐ.ടി അതിവേഗം കുറ്റപത്രം തയ്യാറാക്കുന്നത്. ഇതിനിടെ, കട്ടിളപ്പാളി കവര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ നവംബര്‍ 3-നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനാല്‍ ആദ്യ കേസില്‍ ജാമ്യം ലഭിച്ചാലും രണ്ടാമത്തെ കേസില്‍ പ്രതിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

അന്വേഷണത്തില്‍ അതീവ നിര്‍ണ്ണായകമായ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ നിന്ന് ശേഖരിച്ച സ്വര്‍ണ്ണപ്പാളി സാമ്പിളുകളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. ശില്പങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും പഴക്കവും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഎസ്എസ്സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ കൂടുതല്‍ ബലപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.