- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ ചടങ്ങിനിടെ കണ്ടു; സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ കാത്തുനിന്നു; അപരിചിതനോട് സംസാരിക്കാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി; പിന്നാലെ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം; 19-കാരന് അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രണയ അഭ്യര്‍ത്ഥന നിഷേധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ശ്രീ ഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്കിന് സമീപമാണ് ആക്രമണം. തന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചതിനാണ് പ്രതി പെണ്‍കുട്ടിയോട് ക്രൂരകൃത്യം ചെയ്തത്. 19 വയസ്സുള്ള പ്രതി ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു.
ഓംപ്രകാശ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. അതിനിടെ ജോലിയുടെ ഭാഗമായി പങ്കെടുത്ത ഒരു കല്യാണത്തിലാണ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. പിന്നീട് ഓംപ്രകാശ് പെണ്‍കുട്ടിയെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍, അപരിചിതനായ ഇയാളോട് സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്ന് മാത്രമല്ല, തനിക്കിതൊന്നും ഇഷ്ടമല്ലെന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പ്രതികരണത്തില്‍ ക്ഷുഭിതനായതിനെ തുടര്‍ന്നാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നത്. സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി ആസിഡ് കുപ്പി വലിച്ചെറിയുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ക്കു നേരെയാണ് കുപ്പി വന്നത്. വിരലുകള്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും വസ്ത്രം നശിക്കുകയും ചെയ്തു. അക്രമണത്തിന് ശേഷം രക്ഷപ്പെടാനും പ്രതി യ്യാറെടുത്തിരുന്നു. അയാള്‍ മുഖം തുണി കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും മറയ്ക്കുകയും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറ്റൊരു തുണി കൊണ്ട് പൊതിയുകയും ചെയ്തു.
സംഭവം പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പ്രദേശവാസികളുമായി സംസാരിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തിങ്കളാഴ്ച പ്രതി പോലീസ് പിടിയിലായി. അറസ്റ്റിലായതിന് ശേഷം പ്രതിയെ സമീപത്തെ മാര്‍ക്കറ്റിലൂടെ നടത്തികൊണ്ട് പോയതിന് ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. പൊതുജനങ്ങളില്‍ നിയമത്തോടുള്ള ഭയം വളര്‍ത്തുന്നതിനും സമാനമായ സംഭവങ്ങള്‍ തടയുന്നതിനുമാണ് പൊതുസ്ഥലത്ത് കൂടി നടത്തിയതെന്ന് പോലീസ് പറഞ്ഞു.


