കൊച്ചി: പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനം. പരുക്കേറ്റ ഹോട്ടല്‍ ഉടമയുടേയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. എടവനക്കാട് അണിയല്‍ മാര്‍ക്കറ്റില്‍ ഹോട്ടല്‍ നടത്തുന്ന സുബൈര്‍, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയിരിക്കുന്നത്. ഹോട്ടലില്‍ നടക്കുന്ന തര്‍ക്കത്തിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലില്‍ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഇതിനൊപ്പം ഗ്രേവിയും ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവിക്ക് 20 രൂപ നല്‍കണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ, തനിക്കു കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞതോടെ ഹോട്ടലുടമകള്‍ അതിനെ എതിര്‍ത്തു. അഞ്ച് മിനിറ്റോളം നീണ്ട തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തിനു വഴിമാറി.

തന്നെ തല്ലാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നല്‍കിയ മൊഴി. ഭര്‍ത്താവിനെ കടയില്‍ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയില്‍ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തില്‍ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

ദമ്പതികളെ മര്‍ദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എടവനക്കാട് അണിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്നലെ പന്തം കൊളുത്തി പ്രകടനം നടത്തി. ജിബിയെ വൈകിട്ടോടെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.