മാനന്തവാടി: കല്‍പ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. സ്‌കൂള്‍ വിട്ട് വരും വഴി പത്താം ക്ലാസുകാരനെ മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മുള്ളുവേലിയിലേക്ക് കിടത്തി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. എട്ടാം ക്ലാസില്‍ വച്ചുണ്ടായ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം.

കുട്ടിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും തലയില്‍ മര്‍ദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠിയായ പത്താം ക്ലാസുകാരനും രണ്ട് സുഹൃത്തുകളും ചേര്‍ന്നാണ് വിളിച്ചുവരുത്തി ആക്രമിച്ചത്. സമീപത്തെ മുള്ളുവേലിയിലേക്ക് കിടത്തി ചിവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. പരുക്കേറ്റ വിദ്യാര്‍ഥി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടാം ക്ലാസില്‍ വച്ചുണ്ടായ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റിയിട്ടും ആക്രമണം തുടരുകയാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് എതിരെ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കല്‍പ്പറ്റ ടൗണില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുട്ടികള്‍ തമ്മിലുള്ള വൈരാഗ്യം ക്രൂര മര്‍ദനങ്ങളില്‍ കലാശിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.