കൊല്ലം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മാതാപിതാക്കളുടെ പരാതി. പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കളാണ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. ശ്രീനാദേവിയും സഹോദരന്‍ ശ്രീനാഥ് ഉണ്ണിത്താനും രാജന്‍ ജോസഫിനെ അസഭ്യം പറയുന്ന മട്ടിലുള്ള ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ കൂടിയാണ് പരാതി. പാതിരാത്രി അസഭ്യം പറഞ്ഞു എന്ന മട്ടിലാണ് സിപിഎം പേജുകളിലെ പ്രചാരണം. യുടൂബര്‍മാരായ രാജന്‍ ജോസഫ് സിബി തോമസ് എന്നിവര്‍ക്കെതിരെ ആണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതിന് പിന്നാലെയാണ് അപവാദ പ്രചാരണവും സൈബര്‍ ആക്രമണവും എന്ന് ശശിധരന്‍ ഉണ്ണിത്താനും ഗിരിജാദേവി അമ്മയും നല്‍കിയ പരാതിയില്‍ പറയുന്നു.

ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയോട് പത്തനംതിട്ട ഡിസിസി വിശദീകരണം തേടിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയിരുന്നു. താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേള്‍ക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍, പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കി, ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം. പിന്നാലെ അതിജീവിത ശ്രാനാദേവിക്കെതിരെ പരാതി നല്‍കിയിരുന്നു.

പിന്നാലെ, അതിജീവിതക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്നാണ് ശ്രീനാദേവിയുടെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പൊതുസമൂഹത്തില്‍ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നല്‍കിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. അതിജീവിതയെ താന്‍ അധിക്ഷേപിച്ചിട്ടില്ല. താനെന്നും സത്യത്തിനൊപ്പമാണ് നിലനില്‍ക്കുന്നത്. അതിജീവിത എന്ന നിലയില്‍ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.