കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ വൈശാഖന്റെ 'ആത്മഹത്യാ വാദ'ങ്ങളെ പൊളിച്ചടുക്കി അതിനിര്‍ണ്ണായകമായ ഡിജിറ്റല്‍ തെളിവ് പുറത്ത്. കൊല്ലപ്പെട്ട ദിവസം യുവതി കൗണ്‍സലിങ് സെന്ററിലെ കൗണ്‍സിലര്‍ക്ക് അയച്ച സന്ദേശമാണ് കേസിലെ വഴിത്തിരിവായത്.

'ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഇനി ഞാന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ മാത്രമായിരിക്കും' എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇതോടെ, തങ്ങള്‍ ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചതാണെന്ന വൈശാഖന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

യുവതിയുടെ മൃതദേഹം പ്രതിയും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചത്. 16 വയസ്സുമുതല്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചും വൈശാഖനുമായുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെക്കുറിച്ചും യുവതി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. പ്ലസ് വണ്‍ കാലം മുതല്‍ വൈശാഖന്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഡയറിയിലുണ്ട്.

ഈ മാസം 24-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കക്കോടി മോരിക്കരയിലെ വൈശാഖന്റെ വര്‍ക്ക് ഷോപ്പിലേക്ക് 'ഒന്നിച്ച് മരിക്കാം' എന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം അവിടെനിന്ന് മാറിയ വൈശാഖന്‍, പിന്നീട് ഭാര്യയെ വിളിച്ചുവരുത്തിയാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടിയെന്ന സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.