വിജയനഗര: കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ ദുരഭിമാനക്കൊല. സ്വന്തം ചോരയില്‍ പിറന്ന സഹോദരിയെയും ജന്മം നല്‍കിയ മാതാപിതാക്കളെയും യാതൊരു ദയയുമില്ലാതെ 24കാരന്‍ കൊന്നുതള്ളി. ദുരഭിമാനത്തിന്റെ പേരില്‍ നടന്ന ഈ കൂട്ടക്കൊലപാതകത്തിന് ശേഷം പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ അക്ഷയ് കളിച്ച നാടകങ്ങള്‍ സിനിമകഥകളെ പോലും വെല്ലുന്നതാണ്.

ജനുവരി 27-നാണ് വിജയനഗരയിലെ കൊട്ടുരു പട്ടണത്തിലുള്ള വാടകവീട് ഈ രക്തച്ചൊരിച്ചിലിന് സാക്ഷിയായത്. അക്ഷയ്യുടെ 18 വയസ്സുള്ള സഹോദരി അമൃത ഗര്‍ഭിണിയാണെന്ന വിവരം പുറത്തായതാണ് എല്ലാറ്റിനും തുടക്കം. അമൃത പ്രണയിച്ചിരുന്ന യുവാവ് മറ്റൊരു ജാതിയില്‍പ്പെട്ട ആളായതിനാല്‍ അക്ഷയ് ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. സഹോദരിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കാന്‍ അക്ഷയ് മാതാപിതാക്കളായ ഭീമരാജിനോടും ജയലക്ഷ്മിയോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. കുടുംബത്തിന് സഹോദരി 'അപമാനം' വരുത്തിയെന്നും തന്റെ വാക്കിന് ആരും വില നല്‍കുന്നില്ലെന്നുമുള്ള ദേഷ്യമാണ് മൂന്ന് പേരെയും കൊന്നൊടുക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്ന കൊട്ടുരു പട്ടണത്തിലെ വീട്ടില്‍ വെച്ച് പിതാവ് ഭീമരാജ്, മാതാവ് ജയലക്ഷ്മി, 18 വയസ്സുള്ള സഹോദരി അമൃത എന്നിവരെ പ്രതി അക്ഷയ് കുമാര്‍ കൊലപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജനുവരി 27നാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് കരുതപ്പെടുന്നു.

മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാനായിരുന്നു അക്ഷയ്യുടെ ശ്രമം. കൃത്യം നടത്തിയ ശേഷം ഒളിച്ചോടുകയല്ല ഇയാള്‍ ചെയ്തത്. പകരം ജനുവരി 29-ന് ബെംഗളൂരുവിലെത്തിയ അക്ഷയ് തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒരു തിരോധാന പരാതി നല്‍കി! 'എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കാണാനില്ല, അവരെ കണ്ടുപിടിച്ചു തരണം' എന്നായിരുന്നു പോലീസിനോടുള്ള അഭ്യര്‍ത്ഥന. കേസ് മറ്റാരിലേക്കെങ്കിലും തിരിച്ചുവിടാനായിരുന്നു ഈ ബുദ്ധിപരമായ നീക്കം.

പരാതിയില്‍ സംശയം തോന്നിയ പോലീസ് അക്ഷയ്യെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്. സ്വന്തം കുടുംബത്തെ കൊന്നശേഷം അവര്‍ക്കായി പോലീസില്‍ പരാതി നല്‍കാനെത്തിയ അക്ഷയ്യുടെ ക്രിമിനല്‍ ബുദ്ധി കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വരെ അമ്പരന്നു. കുടുംബത്തിന്റെ 'മാനം' രക്ഷിക്കാനാണ് സ്വന്തം മാതാപിതാക്കളെയും ഗര്‍ഭിണിയായ സഹോദരിയെയും കൊന്നതെന്നാണ് ഇയാളുടെ കുറ്റസമ്മതം.