കൊച്ചി: വ്യാജ മാട്രിമോണിയല്‍ സൈറ്റ് വഴി കൊച്ചിയിലെ യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് മലയാളികളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ആര്‍ഐ യുവതിയുടെ വിവാഹാലോചനയുടെ മറവിലാണ് ഡോക്ടറെ കബളിപ്പിച്ച് വന്‍തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അരൂര്‍ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസല്‍, ആദില്‍ കെ.പി എന്നിവരെയാണ് കൊച്ചി സൈബര്‍ പോലിസ് പിടികൂടിയത്. 20-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. കമ്പോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാര്‍ നിയന്ത്രിക്കുന്ന വന്‍ സൈബര്‍ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തി.

കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ ആപ്പുവഴിയാണ് തട്ടിപ്പു സംഘം ഡോക്ടറെ വലയിലാക്കിയത്. എന്‍ആര്‍ഐ യുവതിയുടെ പേരില്‍ വ്യാജ വിവാഹ അഭ്യര്‍ത്ഥന അയച്ചായിരുന്നു തട്ടിപ്പ്. വിവാഹാലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ച ഡോക്ടറൊട് യുവതിയുടെ പേരില്‍ നിരന്തരം സംസാരിച്ച് വലയിലാക്കുക ആയിരുന്നു. നിരന്തരം സംസാരിച്ച് വിശ്വസം പിടിച്ചു പറ്റിയ ശേഷം വെബൈസ്റ്റ് എന്ന ട്രേഡിംഗ് ആപ്പ് ഡോക്ടര്‍ക്ക് പരിചയപ്പെടുത്തി നല്‍കി. ഈ ആപ്പില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. താനും ഇതിലൂടെ വന്‍ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ചു.

യുവതിയുടെ വാക്കുകള്‍ വിശ്വസിച്ച ഡോക്ടര്‍ പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ആപ്പില്‍ നിക്ഷേപിച്ചു. എന്നാല്‍ ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് പൗരന്മാര്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് കമ്പോഡിയയില്‍ ഈ തട്ടിപ്പ് കേന്ദ്രം നടത്തുന്നത്. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും പണം ഉടന്‍ പിന്‍വലിക്കാനും സൈബര്‍ സാങ്കേതിക വിദ്യയില്‍ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ വിവരങ്ങള്‍ ഡീകോഡ് ചെയ്ത് അന്താരാഷ്ട്ര സംഘത്തിന്റെ വേരുകള്‍ കണ്ടെത്താനാണ് സൈബര്‍ പോലീസിന്റെ നീക്കം.