തളിപ്പറമ്പ് : പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആണ്‍സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി. വിജയനെയാണ് (50) മാട്ടൂലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാട്ടൂല്‍ ജസീന്തയ്ക്ക് സമീപം തെങ്ങില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ബുധനാഴ്ച വൈകുന്നേരമാണ് പറശിനിക്കടവ് 'സമ്മര്‍ലാന്‍ഡ് ഇന്‍' ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയില്‍ കണ്ണപുരം സ്വദേശിനി കെ.വി. സീമയെ (50) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഇരുവരും ഒന്നിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ വൈകുന്നേരം ആറുമണിയോടെ വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. വിജയന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സീമയുടെ മൃതദേഹം കണ്ടെത്തിയത്.

സീമയുടേത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നതിനിടെയാണ് വിജയന്റെ ആത്മഹത്യ. കടലില്‍ മത്സ്യത്തൊഴിലാളിയായ വിജയന്‍ സീമയുടെ അയല്‍വാസി കൂടിയാണ്. സീമയെ കൊലപ്പെടുത്തിയ ശേഷം വിജയന്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മരിച്ച സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. മക്കള്‍: ആദിത്ത്, ശ്രീലക്ഷ്മി. വിജയന്റെ ഭാര്യ: രാജി. മക്കള്‍: വിജിന, വിസ്മയ. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.