മുംബൈ: മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിനുള്ളിലെ ലിഫ്റ്റില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് അപകടം. മുംബൈയിലെ ഗോരേഗാവില്‍ അന്‍മോല്‍ ടവേഴ്‌സിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഗോരെഗാവ് വെസ്റ്റിലെ പെട്രോള്‍ പമ്പിനടുത്തായാണ് ഈ കെട്ടിടമുള്ളത്. ലിഫ്റ്റിനുള്ളിലാകെ തീ നിറഞ്ഞതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവ സമയത്ത് ഒരു യുവതിയും രണ്ട് യുവാക്കളുമാണ് ലിഫ്റ്റിനുള്ളിലുണ്ടായിരുന്നത്. ലിഫ്റ്റിന്റെ വാതില്‍ തുറന്നുതന്നെ ഇരുന്നതിനാല്‍ ഉള്ളിലുള്ളവര്‍ക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാന്‍ കഴിഞ്ഞു. രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ലിഫ്റ്റ് തുറക്കുന്നതും ഒരു യുവതി ബാഗും ചെറിയ സ്യൂട്ട് കെയ്‌സുമായി ഉള്ളിലേക്ക് വന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. സെക്കന്റുകള്‍ക്കുള്ളില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ നിറച്ച വലിയ പ്ലാസ്റ്റിക് ബാഗുമായി ഒരു യുവാവ് കയറി. തൊട്ടുപിന്നാലെ മറ്റൊരാളും കയറി. ലിഫ്റ്റിന്റെ വാതിലടഞ്ഞ് ചലിക്കാന്‍ തുടങ്ങിയതും വലിയ ശബ്ദത്തോടെ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും ലിഫ്റ്റിനുള്ളില്‍ മുഴുവനായും തീ നിറയുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ശമിച്ചതും വിഡിയോയില്‍ കാണാം. എന്നാല്‍ പരിഭ്രാന്തരായ മൂവരും ലിഫ്റ്റിന്റെ വാതില്‍ തുറന്നതും ഓടിയിറങ്ങുന്നതാണ് വിഡിയോയില്‍ കാണുന്നത്.

ഇത്തരം ബലൂണുകള്‍ സാധാരണയായി അലങ്കാര പണികള്‍ക്കായാണ് ഉപയോഗിക്കുന്നത്. റോഡ്സൈഡുകളില്‍ ഇവയുടെ വില്‍പനയും സാധാരണ കാഴ്ചയാണ്. ഇവയില്‍ നിറച്ചിരിക്കുന്നത് പെട്ടെന്ന് തീപിടിക്കുന്ന ഹൈഡ്രജന്‍ വാതകമാണ്. ചെറിയ സ്പാര്‍ക്കോ, സ്റ്റാറ്റിക്ക് ഡിസ്ചാര്‍ജോ(പെട്ടെന്ന് ഷോക്ക് അടിക്കുന്ന പോലയോ, സ്പാര്‍ക്കോ ഉണ്ടാകുന്നത്) സംഭവിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടാകുന്നത്. ഹൈഡ്രജന്‍ വാതകത്തിന് ഇത്തരത്തിലുണ്ടാകുന്ന ചെറിയ സ്പാര്‍ക്ക് മതി തീപിടിത്തം ഉണ്ടാകാന്‍.

വഴിയോര വില്‍പ്പനയ്ക്കായി ഗ്യാസ് നിറച്ച ബലൂണുകള്‍ കൊണ്ടുപോകുകയായിരുന്നു യുവാവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം വാതകങ്ങള്‍ നിറച്ച ബലൂണുകള്‍ ലിഫ്റ്റുകള്‍ വഴി കൊണ്ടുപോകുന്നതിന് വിലക്കുള്ളതാണ്. ലിഫ്റ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങളത്രയും പതിഞ്ഞത്. അപകടത്തിന് പിന്നാലെ ഇത്തരം വസ്തുക്കളുമായി ലിഫ്റ്റുകളില്‍ കയറരുതെന്ന് ഹൗസിങ് സൊസൈറ്റികള്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫയര്‍ സേഫ്റ്റി വിദഗ്ധര്‍ ഹൈഡ്രജന്‍ ഗ്യാസ് നിറച്ച പാര്‍ട്ടി ബലൂണുകള്‍ മഹാരാഷ്ട്രയില്‍ ഉടനീളമുള്ള ഹൈ റൈസ് ബില്‍ഡിങ്ങുകളില്‍ ഇത്തരത്തില്‍ കൊണ്ടുപോകുന്നതിനും വരുന്നതിനും എതിരെ മുന്നറിയിപ്പുകള്‍ നിരന്തരം നല്‍കുന്നുണ്ട്.