- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശിക്ഷ നിയമപരായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കിയാലും മത്സരിക്കാനാകില്ല; ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; ഉത്തരവ് 12ന്

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 12ന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ശിക്ഷ നിയമപരായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ശിക്ഷ നിയമപരമായി നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അപ്പീല്‍ ഹര്‍ജിയില്‍ വാദം ഇതിന് ശേഷമാകും നടക്കുക.
വിദേശ പൗരനെ ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷിക്കാന്‍ തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ആന്റണി രാജുവിനെതിരെയുള്ള കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.
ജനുവരി 3 ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് മുന്‍ മന്ത്രിക്ക് 3 വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും അയോഗ്യനാക്കപ്പെട്ട എംഎല്‍എ സ്ഥാനം തിരികെ ലഭിക്കില്ല. ഒപ്പം പ്രതി കുറ്റക്കാരനെന്ന വിധിയും നിലനില്‍ക്കും. രണ്ടു വര്‍ഷത്തിനു മുകളില്‍ വിചാരണ കോടതി ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായത്.
1990 ഏപ്രില്‍ 4ന് അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ വിചാരണ സമയത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് ഒന്നാം മജിസ്ട്രേട്ട് കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്.
10 വര്‍ഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലാര്‍ക്ക് ജോസിന്റെ സഹായത്തോടെ കോടതിയില്‍നിന്ന് പുറത്തേയ്‌ക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് നാലു വര്‍ഷത്തിനു ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെ വിട്ടത്. ഈ കേസില്‍ തെളിവു നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്.
നീതിന്യായ വ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ക്കുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് മജിസ്‌ട്രേറ്റ് തന്നെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി തന്നെ കണ്ടെത്തി. നിയമമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതികള്‍ ചെയ്ത കുറ്റം നിസാരമായി കാണാനാവില്ലെന്നും മജിസ്‌ട്രേറ്റ് പറയുന്നു. ജീവപര്യന്തം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റം കണ്ടെത്തിയിട്ടും കുറഞ്ഞ ശിക്ഷമാത്രമാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കീഴ് ക്കോടതി വിധിയില്‍ ഏറെ പോരായ്മകള്‍ ഉണ്ട് . ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിക്കുന്നത്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയും ഗൗരവും പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചില്ല എന്നാണ് പൊതുവായുണ്ടായ വിലയിരുത്തല്‍. അപ്പീല്‍ നല്‍കുന്നത് പരിഗണനയിലിരിക്കെയാണ് ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചത്.


