മാനന്തവാടി: വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണക്കമ്മല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്താന്‍ അന്വേഷണം. രണ്ടു മണിക്കൂറോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകല്‍ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. നീല സ്‌കൂട്ടറില്‍ എത്തിയ ആള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. വാഹന നമ്പറും ആളെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ദ്വാരക പുലിക്കാട് റോഡരികിലെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന വട്ടപ്പാറ ബിജുവിന്റെ മകള്‍ ജിയന്ന എന്ന നാലു വയസ്സുകാരിയെ കാണാതായത്. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.

രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്തുനിന്നും ഒരാള്‍ ഇരുചക്രവാഹനത്തില്‍ എത്തുകയും വീടിന് സമീപത്തായി നിര്‍ത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടക്കുകയും ചെയ്യുന്നത് സമീപത്തെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ സമയം ബിജുവിന്റെ പട്ടി കുരച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു.

അല്‍പസമയത്തിനകം ഇയാള്‍ കുട്ടിയെ വാഹനത്തിലിരുത്തി തിരിച്ചുപോകുന്നതായി റോഡില്‍ നിന്നും 60 മീറ്റര്‍ മാറിയുള്ള വീട്ടിലുള്ള സി.സി ടി.വി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പൊലീസും വ്യാപകമായ തിരച്ചില്‍ നടത്തി.

രണ്ട് മണിക്കൂറിന് ശേഷം 10 മണിയോടടുത്ത് തരുവണ പാലയാണ കക്കടവ് റോഡരികില്‍ വെച്ചാണ് കുട്ടിയെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ജോസ് പാലയാണ കാണുന്നത്. പൊലീസും നാട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിച്ചു. മാമന്റെ കൂടെയാണ് താന്‍ വന്നതെന്ന് കുട്ടി ജോസിനോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാള്‍ കുട്ടിയെ ദേഹോപദ്രവമൊന്നും ഏല്‍പിച്ചിട്ടില്ല. പിതാവിന്റെ പരാതിയില്‍ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.

കുട്ടിയെ ചെവിയിലെ സ്വര്‍ണാഭരണം ഊരിമാറ്റാന്‍ ശ്രമിച്ചതോടെ നാലു വയസ്സുകാരി ഇത് ചെറുക്കുകയും ബഹളം വെച്ചതോടെ കുട്ടിയെ റോഡില്‍ ഇറക്കി വിടുകയുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പരിസരത്തെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചതില്‍ നീല സ്‌കൂട്ടറില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. അന്വേഷണത്തിനായി മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന്റെ നേതൃത്വത്തില്‍ മാനന്തവാടി, വെള്ളമുണ്ട സി.ഐ മാരായ പി. റഫീഖ്, ബിജു ആന്റണി എന്നിവരടങ്ങിയ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.