കൊല്ലം: ശക്തികുളങ്ങര ഹാര്‍ബറില്‍ നിര്‍മാണം പുരോഗമിക്കുന്ന ദുരന്തനിവാരണ കേന്ദ്രത്തില്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍) കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപ്പ് വെള്ളം ഉപയോഗിക്കുന്നുവെന്നു പരാതി ഉയര്‍ന്നതോടെ നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. കടല്‍ കായലിലേക്കു ചേരുന്ന ഭാഗത്തെ ഉപ്പ് വെള്ളം എടുക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. കമ്യൂണിറ്റി ഹാളിന്റെ തറ ഉറപ്പിക്കുന്ന കോണ്‍ക്രീറ്റിനാണ് കായലില്‍ നിന്ന് മോട്ടര്‍ ഉപയോഗിച്ച് ഉപ്പ് വെള്ളം എടുത്തിരുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. ആക്ഷേപം ഉയര്‍ന്നതോടെ കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ഹാര്‍ബര്‍ എഞ്ചിനീറിങ്ങിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. പരിശോധന കഴിയുന്നത് വരെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരാതിക്കാരുമായി ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പര്‍വൈസറും കരാര്‍ കമ്പനി പ്രതിനിധിയും പ്രതിഷേധക്കാരോട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് കായല്‍വെള്ളം തന്നെയെന്നും തെറ്റ് പറ്റിയതായും സമ്മതിച്ചു.അടുത്തുള്ള കെട്ടിടത്തില്‍നിന്ന് നിശ്ചിതനിരക്കിലാണ് വെള്ളം എടുത്തിരുന്നതെന്നും തിങ്കളാഴ്ച വൈദ്യുതി ഇല്ലാത്തതിനാല്‍ വെള്ളമെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നും കരാര്‍ കമ്പനി പ്രതിനിധികള്‍ പറയുന്നു. ദിവസങ്ങളായി മോട്ടോര്‍ കായലിലിട്ടിരിക്കുന്നത് കണ്ടതായി വലക്കാര്‍ പറയുന്നുണ്ട്. ഇത് മണ്ണുറപ്പിക്കാനുള്ള ആവശ്യത്തിനാണെന്നാണ് കരാറുകാര്‍ പറയുന്നത്. ഇതും നിര്‍മാണത്തിലെ അപാകമായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.വിവരമറിഞ്ഞ കളക്ടര്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. പണി നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.

തിങ്കളാഴ്ച ഉച്ചക്കാണ് കെട്ടിടത്തിന്റെ തറയ്ക്കായുള്ള കോണ്‍ക്രീറ്റിങ്ങിന് കായലില്‍നിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദുരന്തനിവാരണകേന്ദ്രത്തിന്റെ നിര്‍മാണത്തിനുമുന്നോടിയായി തീരത്ത് നിര്‍മിച്ച വാര്‍ഫിന്റെ ഭാഗത്ത് കായലില്‍ മോട്ടോര്‍ ഇറക്കിയാണ് വെള്ളമെടുത്തിരുന്നത്. കായലിലെ ഉപ്പുവെള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പണി തടയുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ സാധാരണ പണം കൊടുത്തു വാങ്ങുന്ന ശുദ്ധജലമാണ് ഉപയോഗിച്ചിരുന്നതെന്നും വൈദ്യുതി നിലച്ചതോടെ അത് ലഭ്യമാകാതിരുന്നപ്പോള്‍ നനയ്ക്കാനും മണ്ണ് ഉറപ്പിക്കാനുമായി നേരത്തേ എടുത്തുവച്ചിരുന്ന ഉപ്പ് വെള്ളം ഒരു തൊഴിലാളി എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. സംഭവം വിവാദമായതോടെ കെട്ടിടത്തിന്റെ ഇന്നലെ നടത്തിയ കോണ്‍ക്രീറ്റിങ് മുഴുവന്‍ പൊളിക്കും. മറ്റു ഭാഗങ്ങളില്‍ വിശദമായ ബലപരിശോധന നടത്താനും തീരുമാനിച്ചു. ഇതിനകം നിര്‍മാണം കഴിഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിങ്ങിനടക്കം ഇതേ ഉപ്പുവെള്ളമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അടിയന്തരമായി പരിശോധന ആവശ്യമാണെന്നും മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിനടക്കം ഉപയോഗിച്ചത് ഏത് തരത്തിലുള്ള വെള്ളമാണെന്ന് വ്യക്തമായ ശേഷമേ നിര്‍മാണം പുനരാരംഭിക്കാവൂ എന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ തുറമുഖ വികസനത്തിനായി 34.5 കോടി രൂപ ചെലവഴിച്ച് നബാര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2.5 കോടി രൂപ ചെലവഴിച്ചാണ് ദുരന്തനിവാരണ കേന്ദ്രം നിര്‍മിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ തന്നെ കെട്ടിടത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും അഴിമതിയുണ്ടെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം നിലയ്ക്കുന്നതിന് മുന്‍പ് സ്ഥാപിച്ച ഇരുമ്പു കമ്പികളിലൂടെയാണ് മാസങ്ങള്‍ക്കു മുന്‍പ് നിര്‍മാണം തുടര്‍ന്നത്. ഈ കമ്പികളില്‍ മിക്കതും തുരുമ്പിച്ചിട്ടുണ്ടെന്നും അതില്‍ തന്നെ നിര്‍മാണം തുടരുന്നത് ഭാവിയില്‍ പ്രശ്‌നമാകുമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാനും അവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ശ്രമിക്കാതെ മ്യൂസിയവും ഹാളും പോലെയുള്ള നിര്‍മാണങ്ങളല്ല ഇവിടെ വേണ്ടതെന്നും ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോ. ചൂണ്ടിക്കാണിച്ചിരുന്നു.