ബെംഗളൂരു: ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ മസാജിനെത്തിയ കനേഡിയന്‍ യുവതിക്ക് നേരെ അതിക്രമം നടന്നതായി പരാതി. കനേഡിയന്‍ ഗവണ്‍മെന്റ് പ്രതിനിധിയായി നഗരത്തിലെത്തിയ യുവതിയാണ് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് പോലീസിനെ സമീപിച്ചത്. മസാജിനായി അര്‍ദ്ധനഗ്‌നയായി കിടക്കുമ്പോള്‍ പുരുഷ തെറാപ്പിസ്റ്റ് അനുവാദമില്ലാതെ മുറിയില്‍ പ്രവേശിക്കുകയും മസാജിനിടെ അതിരുകടന്ന് പെരുമാറുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്‌ക്കെതിരെയാണ് യുവതിയുടെ പരാതി.

മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് ശാരീരികമായി ഉപദ്രവിക്കുകയും അപമാനകരമായ രീതിയില്‍ പെരുമാറുകയും ചെയ്തു. സംഭവം ഉടനടി ഹോട്ടല്‍ മാനേജ്മെന്റിനെ അറിയിച്ചെങ്കിലും അവര്‍ പരാതി ഗൗരവമായി എടുത്തില്ല. പകരം, പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി അടച്ച 10,000 രൂപയില്‍ 7,000 രൂപ തിരികെ നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ വിധാന്‍ സൗധ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്ക് പിന്നാലെ ഹോട്ടലിലെ പുരുഷ തെറാപ്പിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

താന്‍ അര്‍ദ്ധനഗ്‌നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്ന് അകത്ത് കയറി. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തെറാപ്പിന്റെ പെരുമാറ്റം തനിക്ക് അപമാനകരവും അസ്വസ്ഥതയുണ്ടാക്കി. ഉടന്‍ തന്നെ താന്‍ ഇത് മാനേജ്‌മെന്റിനെ അറിയിച്ചു. എന്നാല്‍ അവര്‍ പരാതി ഗൗരവകരമായി എടുത്തില്ല. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു.

പിന്നാലെ തെറിപ്പിസ്റ്റിനെതിരെയും മറ്റ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയത്. പിന്നാലെ ആഡംബര ഹോട്ടലില്‍ ജോലി ചെയ്യുന്ന പുരുഷ തെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര പ്രതിനിധിയായ യുവതിക്ക് നേരെ ഉണ്ടായ ഈ അതിക്രമം ബെംഗളൂരുവിലെ ടൂറിസം മേഖലയ്ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.