തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പില്‍ അവിശ്വസനീയമായ മോഷണം. ചരിത്രപ്രസിദ്ധമായ രണ്ട് കൂറ്റന്‍ ആനക്കൊമ്പുകളാണ് സൈനികരുടെ കാവലുള്ള ക്യാമ്പില്‍ നിന്ന് അപ്രത്യക്ഷമായത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ഈ ആനക്കൊമ്പുകള്‍ കാണാതായത് സൈനിക കേന്ദ്രത്തെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും, എങ്ങനെ കള്ളന്‍ കയറി എന്നത് നിഗൂഢമായി തുടരുന്നു.

വെറുമൊരു ആനക്കൊമ്പല്ല പാങ്ങോട് നിന്ന് നഷ്ടമായിരിക്കുന്നത്. 1929-ല്‍ അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിന് സ്മരണികയായി കൈമാറിയ ചരിത്രരേഖ കൂടിയാണത്. ഏകദേശം 97 വര്‍ഷത്തോളം സൈനിക ക്യാമ്പിലെ അമൂല്യ ശേഖരമായി സൂക്ഷിച്ചിരുന്ന ഈ കൊമ്പുകള്‍ അതീവ സുരക്ഷാ വലയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ പൈതൃക സ്വത്തുക്കളാണ് ഇപ്പോള്‍ മാഫിയ സംഘങ്ങളുടെ കൈകളിലേക്ക് എത്തിയതെന്ന സംശയം ബലപ്പെടുന്നു.

കഴിഞ്ഞ ദിവസം സൈനിക ക്യാമ്പില്‍ നടന്ന ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. വിരുന്നിന് ശേഷം പരിശോധിച്ചപ്പോഴാണ് കൊമ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് അതീവ സുരക്ഷാ പരിശോധനകള്‍ കടന്ന് ഈ കൂറ്റന്‍ ആനക്കൊമ്പുകള്‍ കടത്തിക്കൊണ്ടുപോകുക എന്നത് അസാധ്യമാണ്. അതിനാല്‍ തന്നെ അകത്തുള്ളവരുടെ സഹായമോ അറിവോ ഇല്ലാതെ ഇത്രയും വലിയൊരു മോഷണം നടക്കില്ലെന്ന് പോലീസ് സംശയിക്കുന്നു. വിരുന്നില്‍ പങ്കെടുത്തവര്‍ ആരൊക്കെ? പുറത്തുനിന്നുള്ളവര്‍ ആരെങ്കിലും ക്യാമ്പില്‍ എത്തിയോ? എന്നീ കാര്യങ്ങള്‍ പോലീസ് അക്കമിട്ട് പരിശോധിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ആനക്കൊമ്പിന് ലഭിക്കുന്ന വന്‍ വില മുന്നില്‍ക്കണ്ട് വന്‍കിട മാഫിയകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സൈനിക ക്യാമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. സുരക്ഷാ വീഴ്ചയെക്കുറിച്ച് സൈനിക വിഭാഗം ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.