- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശബരിമലയില്‍ 'സ്വര്‍ണ്ണ' വേട്ട; ശ്രീകോവിലില്‍ ശാസ്ത്രീയ പരിശോധന; കട്ടിളപ്പാളിയിലും തൂണുകളിലും വിശദ അന്വേഷണം; സാമ്പിളുകള്‍ മുംബൈയിലേക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഞെട്ടിച്ച സ്വര്‍ണമോഷണക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. ശ്രീകോവിലിനുള്ളിലെ സ്വര്‍ണപ്പാളികളില്‍ നിന്ന് പുതിയ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ തെളിവുകള്‍ക്ക് വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വ്യാഴാഴ്ച നട തുറന്നതിന് പിന്നാലെ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ശ്രീകോവിലിനുള്ളില്‍ പരിശോധന നടത്തി. കൊള്ളയുടെ ചുരുളഴിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് പോലീസ്.
ശ്രീകോവിലിനുള്ളിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി, തെക്കുവടക്കും വടക്കുകിഴക്കുമുള്ള തൂണുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലോഹത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. ലീഗല്‍ മെട്രോളജി വിഭാഗത്തിലെ സ്വര്‍ണ്ണ പരിശോധനാ വിദഗ്ധരും സംഘത്തിലുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടയടച്ച ശേഷവും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. വി.എസ്.എസ്.സിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ സ്വര്‍ണ്ണത്തിന്റെ അളവും കാലപ്പഴക്കവും കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി അനുമതിയോടെയുള്ള ഈ രണ്ടാംഘട്ട നീക്കം.
ശേഖരിച്ച സാമ്പിളുകള്‍ മുംബൈയിലെ പ്രശസ്തമായ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അതീവ രഹസ്യമായി പരിശോധിക്കും. എക്‌സ്-റേ ഫ്‌ലൂറസെന്‍സ് ഉള്‍പ്പെടെയുള്ള അത്യാധുനിക സ്‌പെക്ട്രോസ്‌കോപ്പി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാകും പരിശോധന. ഇതിലൂടെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയിലും അളവിലും വന്നിട്ടുള്ള വ്യത്യാസം കൃത്യമായി കണ്ടെത്താനാകും. വര്‍ഷങ്ങളായി ശ്രീകോവിലില്‍ നിലനില്‍ക്കുന്ന സ്വര്‍ണ്ണത്തില്‍ എത്രത്തോളം കുറവുണ്ടായി എന്ന് ഈ പരിശോധനയിലൂടെ തെളിയും.
മണ്ഡലകാലത്തിന് മുന്നോടിയായി നടന്ന സ്വര്‍ണ്ണ പരിശോധനയിലാണ് തട്ടിപ്പ് സംശയിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടുകളിലെ അവ്യക്തത ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബുകളില്‍ ഒന്ന് തന്നെ പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. ബാര്‍ക്കിലെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ ശബരിമല സ്വര്‍ണമോഷണക്കേസില്‍ വഴിത്തിരിവുണ്ടാകുമെന്നും അണിയറയില്‍ നടന്ന അവിശുദ്ധ നീക്കങ്ങള്‍ പുറത്തുവരുമെന്നുമാണ് ഭക്തജനങ്ങളുടെ പ്രതീക്ഷ.


