കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ വച്ചാണ് ഇയാള്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് സാബു അറസ്റ്റിലായത്.

പെരുമ്പാവൂരില്‍ നിന്നാണ് സാബു ബസില്‍ കയറിയത് എന്നാണു മനസിലാകുന്നതെന്നും മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പാലാരിവട്ടം പൊലീസ് പറഞ്ഞു. സാബു ബസില്‍ വച്ച് സ്ത്രീയുടെ ദേഹത്ത് കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും വസ്ത്രം നീക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. സ്ത്രീ ഇക്കാര്യം ബസ് ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരുമായി ബസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് പോയി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.