- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രണയദിനത്തില്‍ ഒന്നിച്ച് ആഘോഷം; പിന്നാലെ കഴുത്തറുത്തു കൊലപാതകം! അക്രമികള്‍ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയെന്ന് കള്ളക്കഥ; ബാങ്ക് ജീവനക്കാരിയായ ഭാര്യയെ കൊന്നത് സംശയം മൂത്ത സിഎക്കാരന് ഭര്‍ത്താവ്; തെളിവ് നശിപ്പിക്കാന്‍ ഗ്ലൗസ് ധരിച്ച് നടത്തിയ കൊടുംക്രൂരത പൊളിഞ്ഞത് 18 മണിക്കൂറിനുള്ളില്‍; യുവാവ് അറസ്റ്റില്‍

ഗുരുഗ്രാം: ലോകം മുഴുവന്‍ പ്രണയം ആഘോഷിച്ച വാലന്റൈന്‍സ് ദിനത്തില്‍ ഹരിയാനയിലെ ഒരു വീട്ടില്‍ യുവദമ്പതികളുടെ ആഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തില്‍. പ്രണയദിനം ഒന്നിച്ച് ആഘോഷിച്ചതിന് പിന്നാലെ വൈകുന്നേരത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഹരിയാനയിലെ ബഹദൂര്‍ഗഢില്‍, ബാങ്ക് ജീവനക്കാരിയായ മാഹക്ക് ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ യുവതി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് വിവരം. ഇവരുടെ ഭര്‍ത്താവായ അന്‍ഷുല്‍ ധവാന്‍ അറസ്റ്റിലായി. വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയെന്നും കവര്‍ച്ചയ്ക്കിടയില്‍ ഭാര്യ കൊല്ലപ്പെട്ടുവെന്നുമുള്ള കഥയുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഹിസാറില്‍ താമസിച്ചിരുന്ന അന്‍ഷുലും ഹാന്‍സിയില്‍നിന്നുള്ള മാഹിക്കും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 -നാണ് വിവാഹിതരായത്. പ്രണയദിനം ഇരുവരും ഒന്നിച്ച് ആഘോഷിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രിയായിരുന്നു സംഭവം. തങ്ങളെ ഏതാനും അജ്ഞാതര്‍ ആക്രമിച്ചുവെന്നും അവര്‍ ഭാര്യയുടെ കഴുത്തറുത്തുവെന്നും ഭര്‍ത്താവായ അന്‍ഷുല്‍ ധവാന്‍ രാത്രി 11 മണിയോടെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം കവര്‍ച്ച കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തില്‍ ഗുരുഗ്രാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ അന്‍ഷുലിന്റെ ആസൂത്രിത പദ്ധതിയാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് 18 മണിക്കൂറിനുള്ളില്‍ പ്രതിയിലേക്കെത്താന്‍ പോലീസിന് സാധിച്ചു.
സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ, അന്‍ഷുലിന്റെ മൊഴിയില്‍ ധാരാളം വൈരുദ്ധ്യങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. ചോദ്യം ചെയ്യുംതോറും അന്‍ഷുല്‍ തന്റെ കഥ മാറ്റിക്കൊണ്ടിരുന്നു. അക്രമികളേക്കുറിച്ച് വിശദീകരിക്കാന്‍പോലും ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇത് പോലീസിന് കൂടുതല്‍ സംശയമുണ്ടാക്കി. കൂടുതല്‍ ചോദ്യംചെയ്തതോടെ അന്‍ഷുലിന് പിടിച്ചുനില്‍ക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് ഒടുവില്‍ ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ഒരു സി.എ കാരന്റെ സൂക്ഷ്മതയോടെ കഥകള്‍ മെനഞ്ഞ അന്‍ഷുലിന് പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ അടിതെറ്റി. അക്രമികളെക്കുറിച്ച് ഓരോ തവണ ചോദിച്ചപ്പോഴും അന്‍ഷുല്‍ വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കി.ശാസ്ത്രീയ പരിശോധനവീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നത് സംശയം വര്‍ദ്ധിപ്പിച്ചു.കൈയ്യുറകള്‍വിരലടയാളം പതിയാതിരിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ പോലീസിന് മുന്നില്‍ വെളിപ്പെട്ടു.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലിചെയ്തിരുന്ന മാഹക്കിന്റെ സ്വഭാവത്തെക്കുറിച്ച് അന്‍ഷുലിന് ഏറെക്കാലമായി സംശയങ്ങളുണ്ടായിരുന്നു. ഇത് അവരുടെ ഇടയില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നെന്നും പോലീസ് പറഞ്ഞു. ഈ സംശയമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കൊലപാതക സമയത്ത്, വിരലടയാളങ്ങള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ അന്‍ഷുല്‍ കയ്യുറകള്‍ ധരിച്ചിരുന്നു. ആദ്യം മാഹക്കിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് കത്തി ഉപയോഗിച്ച് അവരുടെ കഴുത്തറക്കുകയുമായിരുന്നു.
ബദ്‌ലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ തന്നെ അന്‍ഷുലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. അക്രമികള്‍ എത്രപേരുണ്ടായിരുന്നു എന്നതിനോ അവര്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നോ കൃത്യമായി പറയാന്‍ അന്‍ഷുലിന് കഴിഞ്ഞില്ല. ഓരോ തവണ ചോദിക്കുമ്പോഴും അയാള്‍ കഥകള്‍ മാറ്റിക്കൊണ്ടിരുന്നു. മാഹക്കിന്റെ പിതാവ് കൃഷന്‍ കത്തൂറിയ സംഭവസ്ഥലത്തെത്തിയപ്പോള്‍ അന്‍ഷുലിന്റെ പരസ്പരവിരുദ്ധമായ സംസാരം കേട്ട് പോലീസിനോട് തന്റെ സംശയം പ്രകടിപ്പിച്ചു.
'എന്റെ മകള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവളുടെ ശരീരത്തില്‍ കഴുത്തിന് ചുറ്റും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അന്‍ഷുലിന്റെ മറുപടികള്‍ കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നു.' - മാഹക്കിന്റെ പിതാവ് പറഞ്ഞു. പോലീസിന്റെ ശക്തമായ ചോദ്യം ചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അന്‍ഷുല്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


