കാളികാവ്: ഓണ്‍ലൈന്‍ പരസ്യത്തിലുടെ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 47 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചേളന്നൂര്‍ പറമ്പില്‍ തൊടിയില്‍ കെ. സോന (23), കോവൂര്‍ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് (41) എന്നിവരെയാണ് കാളികാവ് പോലീസ് പിടികൂടിയത്. വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് നിക്ഷേപം നടത്തിയയാള്‍ക്കാണ് 47 ലക്ഷം രൂപ നഷ്ടമായത്. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വ്യാപാരത്തിനെന്ന പേരില്‍ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ്. നിക്ഷേപകരെ വിശ്വസിപ്പിക്കാനായി തുടക്കത്തില്‍ ചെറിയ ലാഭവിഹിതം കൃത്യമായി നല്‍കുകയും ചെയ്തു. ഇതോടെ വിശ്വാസത്തിലെടുത്ത പലരും വലിയ തുക നിക്ഷേപിച്ചു. ഇത്തരത്തില്‍ വീണ്ടും വീണ്ടും പണം നിക്ഷേപിച്ചവരാണ് കബളിക്കപ്പെട്ടത്. പണം പിന്‍വലിക്കാന്‍ കഴിയാതെവന്നപ്പോഴാണ് പലരും തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാ് സോനയും റമീഷും പിടിയിലായത്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തട്ടിപ്പുസംഘം പല അക്കൗണ്ടുകളിലായാണ് പണം സ്വീകരിച്ചത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. പ്രതികളുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. സോനയുടെയും റമീഷിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ കണ്ടെത്തിയ ഒന്‍പത് ലക്ഷം രൂപ പോലീസ് മരവിപ്പിച്ചു.

പിടിയിലായവര്‍ തട്ടിപ്പുസംഘത്തിലെ ഏജന്റുമാര്‍ മാത്രമാണെന്ന്് പോലിസ് വ്യക്തമാക്കി. മുഖ്യകണ്ണികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സോനയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അനുദാസ്, എ.എസ്.ഐ.മാരായ അസ്ലം, സാബിറ, സി.പി.ഒ.മാരായ നൗഫല്‍, ഷിംന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.