- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിരമിക്കാന്‍ മൂന്നുമാസം; ഫയല്‍ മുക്കി കൈക്കൂലിക്ക് വഴിയൊരുക്കി; ഭൂമി തരം മാറ്റി നല്കാന് ഗൂഗിള്‍ പേ വഴി കൈമാറാന്‍ ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൊല്ലം വിജിലന്‍സിന്റെ രഹസ്യ നീക്കത്തില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍

പത്തനാപുരം: ഭൂമി തരം മാറ്റി നല്‍കുന്നതിന് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് സംഘം പിടികൂടി. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പേട്ട സ്വദേശിയുമായ മുഹമ്മദ് ഖാനെയാണ് കൊല്ലം വിജിലന്‍സ് ഡി.വൈ.എസ്.പി.ബൈജു എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടിയത്. പിറവന്തൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരം മാറ്റി നല്‍കുന്നതിനാണ് വില്ലേജ് അസിസ്റ്റന്റ് പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 22 വര്‍ഷത്തെ സര്‍വീസുള്ള മുഹമ്മദ്ഖാന്‍ മൂന്ന് നാല് മാസത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്.
ഭൂമി തരം മാറ്റി നല്‍കുന്നതിന് വസ്തുവിന്റെ ഫെയര്‍ വാല്യു നിശ്ചയിക്കാന്‍ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ആവശ്യപ്പെട്ടു. വിവരം വിജിലന്‍സില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ പരാതികളുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വിജിലന്‍സ് നല്‍കിയ തുകയുമായിട്ട് പരാതിക്കാരന്‍ മുഹമ്മദ് ഖാനെ സമീപിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇതിന് മുന്‍പ് ആരുടെയെങ്കിലും പക്കല്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
ഭൂമി തരം മാറ്റി നല്‍കുന്നതിന് പുനലൂര്‍ ആര്‍.ഡി.ഒ.ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷ ഇതിന്റെ ഫെയര്‍ വാല്യൂ കണക്കാക്കുന്നതിനു വേണ്ടി വില്ലേജ് ഓഫീസിലേക്ക് അയച്ചു നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ വില്ലേജ് ഓഫീസില്‍ നിന്നും ആര്‍. ഡി.ഒ ഓഫീസിലേക്ക് മടക്കി അയച്ചുവെങ്കിലും ഇതില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും തിരിച്ചയച്ചു. പിന്നീട് പരാതിക്കാരന്‍ പിറവന്തൂര്‍ വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ കാണുന്നില്ലെന്നായിരുന്നു മറുപടി.
ഫയല്‍ ശരിയാക്കി തരാന്‍ വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരനോട് പതിനായിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരന്‍ വില്ലേജ് അസിസ്റ്റന്റുമായി ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. പിന്നീട് നേരിട്ട് എത്തിയപ്പോളും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച്ച വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരന്റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഗൂഗിള്‍ പേ വഴിയോ നേരിട്ടോ പണം നല്‍കാനായിരുന്നു ആവശ്യം. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ പതിനായിരം രൂപയുമായി പരാതിക്കാരന്‍ ശനിയാഴ്ച വില്ലേജ് ഓഫീസിനു മുന്നിലെത്തി. രാവിലെ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ വില്ലേജ് ഓഫീസിനു പുറത്തുവന്ന വില്ലേജ് അസിസ്റ്റന്റ് മുഹമ്മദ്ഖാന്‍ പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈപ്പറ്റി. ഇതോടെ വിജിലന്‍സ് സംഘം മുഹമ്മദ്ഖാനെ പിടികൂടുകയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് ഡി. വൈ. എസ്. പി ക്ക് പുറമെ ഉദ്യോഗസ്ഥന്മാരായ ബിജു, ജസ്റ്റിന്‍ ജോണ്‍, ഇഗ്നെശ്യസ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷമായി മുഹമ്മദ് ഖാന്‍ പിറവന്തൂരില്‍ എത്തിയിട്ട്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ കൈക്കൂലി കേസില്‍ കുടുങ്ങി നടപടിയിലേക്കും.


