കൊച്ചി: പനമ്പിള്ളി നഗറിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയായ ഭിന്ന ശേഷിക്കാരന് ക്രൂരമര്‍ദ്ദനം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണം. കലൂരില്‍ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. ഹണി ട്രാപ് സംഘമാണ് ബധിരനും മൂകനുമായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. മനോരമ ജംഗ്ഷന് സമീപത്തുള്ള ഒരു ലോഡ്ജിലേക്കാണ് ഈ യുവാവിനെ ഹണി ട്രാപ് സംഘം വിളിച്ച് വരുത്തിയത്.

യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവര്‍ തമ്മില്‍ ഒരുമാസമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതില്‍ പ്രകോപിതനായ ഇയാള്‍ യുവതി വഴി ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി.

യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ടോര്‍ച്ച് വച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് സുഹൃത്തുക്കള്‍ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാള്‍ക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. യുവാവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ചെയ്തു. ഒന്നാം പ്രതി സഫ്‌നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയതെന്ന് പറയുന്നു.