നോയിഡ: ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി. രാത്രി വൈകിയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സ്‌കൂള്‍ ബസില്‍ നിന്നും കണ്ടെത്തിയത്. ബസിലിരുന്ന് ഉറങ്ങിപ്പോയ കുട്ടി ജീവനക്കാരന്റെ കണ്ണില്‍പ്പെടാതിരുന്നതാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വഴിവെച്ചത്. ഒടുവില്‍ രാത്രി വൈകി ബസ് പരിശോധിക്കാനെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു. നോയിഡയിലാണ് വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. നോയിഡയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ ജീവനക്കാരന്റെ അശ്രദ്ധ കാരണം മണിക്കൂറുകളോളം പാര്‍ക്കിങ് ഏരിയയില്‍ എത്തിച്ച ബസില്‍ കുടുങ്ങിയത്.

സ്‌കൂള്‍ വിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആരംഭിച്ച അന്വേഷണത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പുറപ്പെട്ട ബസ് പാതിവഴിയിലെത്തിയപ്പോള്‍ വാഹനത്തിനു തകരാര്‍ സംഭവിച്ചു. തുടര്‍ന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് കുട്ടികളെ അതിലേക്ക് മാറ്റുകയും ബസ് പോവുകയും ചെയ്തു. ഈ സമയം ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ഥിയെ ജീവനക്കാരന്‍ ശ്രദ്ധിച്ചില്ല. കുട്ടി വാഹനത്തില്‍ തന്നെ കിടന്ന് ഉറങ്ങി. തുടര്‍ന്ന് കേടായ ബസ് പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റി ഇടുകയും ചെയ്തു. സ്‌കൂളില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വാഹനം കിടന്നത്.

ഇതേസമയം സ്‌കൂള്‍ വിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്ന രക്ഷിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. എന്നാല്‍ കുട്ടി സ്‌കൂളില്‍ നിന്നും പോയി എന്ന വിവരമാണ് ലഭിച്ചത്. ഭയന്നു പോയ രക്ഷിതാക്കള്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ സംശയിച്ച് കുട്ടിക്കുവേണ്ടി വിവിധ ഇടങ്ങളില്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പൊലീസ് പാര്‍ക്കിങ് സ്ഥലത്തുനിന്നും കുട്ടിയെ കണ്ടെത്തി. ഭയന്നു വിറച്ച കുട്ടി ബസിന്റെ സീറ്റിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.