- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കും; ഫോട്ടോഷൂട്ടിനും മോഡലിംഗിനും ക്ഷണിച്ച് വിശ്വാസം നേടിയെടുക്കും; പാര്‍ട്ടിക്കെന്ന പേരില്‍ വില്ലകളിലെത്തിച്ച് കൂട്ടബലാത്സംഗം; ഇരകളാക്കപ്പെട്ടത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥിനികള്‍; അമൃതഹള്ളി കൂട്ടബലാത്സംഗക്കേസില്‍ ദാവന്‍ഗരെ കൗണ്‍സിലറുടെ മകന് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: അമൃതഹള്ളി കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ കര്‍ണാടക പോലീസ് അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് മോഡലിംഗിന്റെയും പാര്‍ട്ടികളുടെയും പേരില്‍ പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന സംഘമാണ് പിടിയിലായത്. നിഖില്‍, ഡിക്‌സണ്‍, അനിരുദ്ധ, മോഹിത്, ശ്രാവണ്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ ദാവന്‍ഗരെ കൗണ്‍സിലറുടെ മകനും ഉള്‍പ്പെടുന്നുണ്ട്. പ്രതികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു.
നിഖിലിന്റെ സുഹൃത്തുക്കളായ ശ്രാവണും മോഹിത്തും കേസില്‍ പങ്കാളികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഈ സംഘം പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഫോട്ടോഷൂട്ട്, മോഡലിംഗ്, പാര്‍ട്ടി എന്നിവയുടെ പേരുപറഞ്ഞ് ഇവരെ ക്ഷണിക്കും. തുടക്കത്തില്‍ വിശ്വാസം നേടാനായി പബ്ബുകളിലും കഫേകളിലും വെച്ച് കാണുകയും മാന്യമായി പെരുമാറുകയും ചെയ്യും. സൗഹൃദം ശക്തമാകുമ്പോള്‍ പാര്‍ട്ടിക്കെന്ന പേരില്‍ വില്ലകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. മറ്റു പ്രതികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്കായി നിഖില്‍ പണം നല്‍കിയിരുന്നതായും വിവരമുണ്ട്.
പ്രതികളുടെ വലയില്‍ കുടുങ്ങിയത് ബെംഗളൂരുവിലെ പ്രമുഖ കോളേജുകളില്‍ നിന്നുള്ള നിരവധി കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ അടക്കം പ്രതികള്‍ ലക്ഷ്യമിട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് കൂടുതല്‍ പെണ്‍കുട്ടികളുടെ മൊഴികള്‍ ശേഖരിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് 19കാരി നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിലാണ് കൂട്ടബലാത്സംഗത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ഏഴ് പേര്‍ കേസില്‍ സാക്ഷികളായിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ 21കാരന്‍ ഡിക്‌സണ്‍ സാന്ദ്ര പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. മറ്റൊരു പ്രതിയായ 34കാരന്‍ നിഖില്‍ ഹാസനിലെ സകലേഷ്പൂര്‍ സ്വദേശിയാണ്. ശിവമോഗ സ്വദേശിയാണ് ശ്രാവണ്‍, ഗുജറാത്ത് സ്വദേശി മോഹിത് ജെയിന്‍, ദാവന്‍ഗരെ സ്വദേശി അനിരുദ്ധ് എന്നിവരെയാണ് പ്രധാന പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. അനിരുദ്ധിന്റെ പിതാവാണ് ദാവന്‍ഗരെ കൗണ്‍സിലര്‍.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വില്ല ബുക്ക് ചെയ്തത് അനിരുദ്ധ് ആണെന്നാണ് പൊലീസ് പറയുന്നത്. കോണ്‍ട്രാക്ടറായ അനിരുദ്ധിനോട് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെയും മറ്റ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി നിഖില്‍ പെണ്‍കുട്ടിയെ ലുലു മാളിന് സമീപം കൊണ്ടുവിട്ടത് മോഹിത്തിന്റെ കാറിലായിരുന്നു.


