തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റില്‍ തുന്നിക്കെട്ടിയതായാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റില്‍ തുന്നിക്കെട്ടിയത്. സ്‌കാനിങിന് ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണിക്കഷണം ഉള്‍പ്പെടെ തുന്നിക്കെട്ടുകയായിരുന്നുവെന്നാണ് ആരോപണം. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം.

2025 ഡിസംബര്‍ 3നാണ് കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ഷീബ പ്രമോദിന് അപ്പന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മുറിവിന്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളില്‍ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദന സഹിക്കുകയായിരുന്നുവെന്ന് ഷീബ പറയുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒന്‍പത് ദിവസത്തിന് ശേഷം ഡിസംബര്‍ 12-ന് ഷീബയെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയില്ല. തുടര്‍ന്നുള്ള മൂന്നുമാസം അതിശക്തമായ വേദനയും വലിയ തോതിലുള്ള മാനസിക സംഘര്‍ഷവുമാണ് യുവതി അനുഭവിച്ചത്. വേദന അസഹനീയമായതോടെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഷീബ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്ത മുറിവിന്റെ ഒരു വശത്ത് ചെറിയ ദ്വാരമുള്ളതായും വയറിനുള്ളില്‍ തുണി കുടുങ്ങിയതായും കണ്ടെത്തിയത്.

ഒടുവില്‍ ഫെബ്രുവരി ആറാം തീയതി ആദ്യ സര്‍ജറി നടത്തിയ അതേ സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ തുണിക്കഷണം പുറത്തെടുത്തു. ഈ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കിടെ മുറിവില്‍ നിന്നും തുണി പുറത്തെടുക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, ഈ വീഴ്ചയില്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം വിചിത്രമാണ്. തുണി എങ്ങനെ വയറിനുള്ളില്‍ പോയി എന്ന് തങ്ങള്‍ക്കറിയില്ലെന്നും, ഷീബ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതിനാല്‍ അവിടെ നിന്ന് കുടുങ്ങിയതാകാം എന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പറയുന്നത്.

ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഷീബയുടെ തീരുമാനം. സംഭവത്തില്‍ യുവതിയുടെ കുടുംബം ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മൂന്നു മാസത്തോളം നീണ്ടുനിന്ന കഠിനവേദനയ്ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.