- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൃദയാഘാതത്താല്‍ ഭര്‍ത്താവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ഇരുപതാം ദിവസം മറ്റൊരാളുമായി 46കാരിയുടെ പുനര്‍വിവാഹം; സഹോദരിയുടെ സംശയത്തില്‍ അന്വേഷണം; 50-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; പ്രതികള്‍ ഭാര്യയും കാമുകനും

ബെംഗളൂരു: ഹൃദയാഘാതത്താല്‍ മരിച്ചെന്ന് കരുതിയ 50 കാരന്‍ കൊലപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയില്‍. സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് 50കാരന്‍ കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞത്. കര്‍ണാടകയിലെ തുംകുറിലാണ് സംഭവം. അന്‍പതുകാരനായ പരമേഷ് ആണ് ജനുവരി മാസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ആശ, ഇവരുടെ കാമുകനും പാചകത്തൊഴിലാളിയുമായ ചന്ദ്രപ്പ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ജനുവരി 29-ാം തീയതി രാത്രിയാണ് പരമേഷ് കൊല്ലപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചുവെന്നാണ് ആശ, ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് പിറ്റേദിവസം തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഇതിന് 20 ദിവസത്തിന് ശേഷം ഫെബ്രുവരി മാസം 19-ാം തീയതി ആശ, ചന്ദ്രപ്പയെ വിവാഹം ചെയ്തു. ഇത് പരമേഷിന്റെ സഹോദരിമാര്‍ക്കിടയില്‍ സംശയത്തിന് വഴിതെളിക്കുകയായിരുന്നു. തുടര്‍ന്ന് അവരിലൊരാള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
മുന്‍പ് പരമേഷ് നേരിട്ടിരുന്ന പീഡനങ്ങളും ശരീരത്തിലെ പാടുകളും ചൂണ്ടിക്കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം ചെയ്ത കാര്യം ആശയും ചന്ദ്രപ്പയും സമ്മതിച്ചത്. മദ്യപിച്ച് ഉറങ്ങിക്കിടന്ന പരമേഷിനെ ഇരുവരും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നുമാണ് പോലീസ് നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


