- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ തലേന്ന് വരന്റെ സഹോദരന്‍ മരിച്ചു; മറ്റൊരു വരനെ ഉടന്‍ കണ്ടെത്തി വധുവിന്റെ കുടുംബം; താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിലെത്തിയത് രണ്ട് വരന്മാര്‍; പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതരും; മുസാഫര്‍നഗറിലെ 'പുലിവാല്‍ കല്യാണം' പൊളിഞ്ഞത് ഇങ്ങനെ

ലക്‌നൗ: മുസാഫര്‍നഗറിലെ ഖതൗലി ഗ്രാമത്തില്‍ അരങ്ങേറിയത് 'പുലിവാല്‍ കല്യാണം' സിനിമയിലെ ചില രംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍. ഒരേ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ രണ്ട് വരന്മാര്‍ ഒരേസമയം വധുവിന്റെ വീട്ടിലെത്തുകയും ഒടുവില്‍ ബാലവിവാഹമാണെന്ന തിരിച്ചറിവില്‍ പോലീസ് ഇടപെട്ട് കല്യാണം മുടക്കിയതും ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ വലിയ ചര്‍ച്ചയാവുകയാണ്. തിങ്കളാഴ്ച രാത്രി ഖതൗലിയിലെ വധുവിന്റെ വീട്ടിലേക്ക് രണ്ട് കല്ല്യാണ ഘോഷയാത്രകളാണ് അടുത്തടുത്ത സമയങ്ങളിലായി എത്തിയത്. ഒന്ന് ഷംലിയില്‍ നിന്നും മറ്റൊന്ന് മീററ്റില്‍ നിന്നും. 'ഞാനാണ് വരന്‍' എന്ന് രണ്ട് യുവാക്കളും അവകാശവാദം ഉന്നയിച്ചതോടെ കല്ല്യാണപ്പന്തലില്‍ കൂട്ടത്തല്ല് ആരംഭിച്ചു.
ഷംലി സ്വദേശിയായ പ്രദീപ് കുമാറുമായി ആറുമാസം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ട്വിസ്റ്റ്: വിവാഹത്തിന് തലേദിവസം പ്രദീപിന്റെ സഹോദരന്‍ മരിച്ചു. ഇതോടെ വിവാഹം നടക്കുമോ എന്ന കാര്യത്തില്‍ പ്രദീപിന്റെ വീട്ടുകാര്‍ വ്യക്തത നല്‍കിയില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മകളുടെ വിവാഹം നടത്താന്‍ വധുവിന്റെ പിതാവ് അന്നുതന്നെ മീററ്റ് സ്വദേശിയായ ആകാശുമായി വിവാഹം ഉറപ്പിച്ചു. എന്നാല്‍ നിശ്ചയിച്ച സമയത്ത് പ്രദീപ് കുമാറും ആകാശും തങ്ങളുടെ ബന്ധുക്കളുമായി വധുവിന്റെ വീട്ടിലെത്തി. ഇതോടെ വധുവിന്റെ വീട്ടുകാരുമായി വരന്മാരുടെ വീട്ടുകാര്‍ തര്‍ക്കത്തിലായി.
തര്‍ക്കം മുറുകുന്നതിനിടയിലാണ് കഥയില്‍ പുതിയൊരു വഴിത്തിരിവുണ്ടാകുന്നത്. വധുവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ആരോ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. വിവരമറിഞ്ഞ് പോലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. 'ബാലവിവാഹം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ എത്തിയത്. പെണ്‍കുട്ടിയുടെ പ്രായം പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ വധുവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.' എന്ന് പൊലീസുകാര്‍ പറഞ്ഞതായി നാട്ടുകാര്‍ അറിയിച്ചു.
വിവാഹ ആഘോഷങ്ങള്‍ നടന്ന വീട്ടില്‍ ഇപ്പോള്‍ പോലീസിന്റെ കാവലാണ്. രണ്ട് വരന്മാരും നിരാശരായി മടങ്ങി. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (CWC) മുന്നില്‍ ഹാജരാക്കും. വൈദ്യപരിശോധനയിലൂടെ പ്രായം നിര്‍ണ്ണയിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ. ഒരേ പന്തലില്‍ രണ്ട് വരന്മാര്‍ എത്തിയ അപൂര്‍വ്വ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഖതൗലി ഗ്രാമവാസികള്‍.


