- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റീല്‍സ് ഭ്രാന്ത് തലയ്ക്കുപിടിച്ച് പെറ്റമ്മയുടെ ക്രൂരതയോ? പിഞ്ചുകുഞ്ഞിനെ സ്‌കൂട്ടറിന്റെ ഡിക്കിയിലടച്ച് സാഹസികയാത്ര; ശ്വാസം മുട്ടിച്ചും ചൂടേറ്റും കുഞ്ഞ് പിടഞ്ഞാലോ? മധ്യപ്രദേശില്‍ നിന്നുള്ള നെഞ്ചുലയ്ക്കും ദൃശ്യം പുറത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുന്നു

ഭോപ്പാല്‍: നമ്മുടെ സാമാന്യബോധത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഏവരെയും ഭയപ്പെടുത്തുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ അമ്മ എടുത്തുകൊണ്ടുവരുന്നതും തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കിയില്‍ കിടത്തി സീറ്റടച്ച് വാഹനം ഓടിച്ചുപോകുന്നതാണ് വിഡിയോ. 'താഴെ വച്ചാല്‍ ചിതലരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും' എന്ന ചൊല്ല് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട കരുതലിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍, അതിന് നേര്‍വിപരീതമായ പ്രവര്‍ത്തിയാണ് ഈ വീഡിയോയില്‍ കാണുന്നത്.
ഒരു സ്‌കൂട്ടറിന്റെ ഡിക്കി എന്നത് ഒട്ടും വായുസഞ്ചാരമില്ലാത്ത (Airtight) ഇടമാണ്. ഇന്ധന ടാങ്കിന് തൊട്ടടുത്തായതുകൊണ്ട് തന്നെ അവിടെ കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിന് ശ്വാസംമുട്ടാനോ അമിതമായ ചൂട് മൂലം ബോധക്ഷയമുണ്ടാകാനോ (Heatstroke) സാധ്യതയുണ്ട്. പെട്രോള്‍ ടാങ്കിന്റെ സാമീപ്യം ഉള്ളതിനാല്‍ ഇന്ധനത്തിന്റെ ഗന്ധവും നേരിയ തോതിലുള്ള വാതകങ്ങളും കുട്ടിയുടെ ആരോഗ്യത്തെ മാരകമായി ബാധിക്കാം. ഇത്രയും അപകട സാധ്യത ഉണ്ടായിട്ടും യാതൊരു കൂസലുമില്ലാതെയാണ് ആ കുഞ്ഞിനെ ഡിക്കിയില്‍ കിടത്തി യാത്ര ചെയ്യുന്നത്.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ നിന്ന് ഇത് മധ്യപ്രദേശില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണെങ്കിലും, ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി (Attention seeking) ആസൂത്രിതമായി ചിത്രീകരിച്ച ഒരു 'റീല്‍' ആണോ ഇതെന്ന് പലരും സംശയിക്കുന്നു. വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടി ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് കുഞ്ഞിനെ അവിടെ കിടത്തിയതെങ്കില്‍ പോലും, അത് നല്‍കുന്ന സന്ദേശം വളരെ തെറ്റായതും അപകടകരവുമാണ്. ഇത്തരത്തില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ പെരുമാറുന്നത് 'ജുവനൈല്‍ ജസ്റ്റിസ് ആക്ട്' പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
എങ്ങനെയാണ് കാറ്റോ വെളിച്ചമോ ഇല്ലാതെ ആ കുഞ്ഞ് ജീവിക്കുക, ചെറിയ സാധനങ്ങളോ ഹെല്‍മെറ്റോ വയ്ക്കാന്‍ മാത്രം പറ്റുന്ന സ്ഥലത്ത് കുഞ്ഞിനെ കിടത്താന്‍ യുവതിക്ക് എങ്ങനെ തോന്നി, ഇവരൊക്കെ ഒരു അമ്മയാണോ എന്നതടക്കം നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. ഇത് റീല്‍ ചിത്രീകരണമാണോ, കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നോ എന്നതടക്കം ചോദ്യങ്ങളുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നിരിക്കെ, കുഞ്ഞുങ്ങളെ വെറും കളിപ്പാവകളെപ്പോലെയോ പ്രദര്‍ശനവസ്തുക്കളെപ്പോലെയോ കൈകാര്യം ചെയ്യുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വീഡിയോയുടെ താഴെ കമന്റുകളില്‍ വ്യക്തമാക്കുന്നു.


