കണ്ണൂര്‍: പോലീസ് അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ മോചിപ്പിക്കാന്‍ സ്റ്റേഷനില്‍ അക്രമം നത്തുകയും സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം സഹകരണ ബാങ്ക് ജീവനക്കാരനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിധിന്‍ (28) ആണ് അറസ്റ്റിലായത്. ബാക്കി പ്രതികള്‍ ഒളിവിലാണ്.

ഫെബ്രുവരി 25 ന് പെരിങ്ങോം ടൗണില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്ബാലിനെ ഏഴംഗ സി.പി.എം സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പെരിങ്ങോം ബ്ലോക്ക് സെക്രട്ടറി പെരളം കൊഴുമ്മലിലെ ചേരാറ്റില്‍ വീട്ടില്‍ സി.വി.വിഷ്ണു പ്രസാദിനെ(28) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് രാത്രി 11.45-ഓടെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം.

പെരിങ്ങോം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ടി.കെ മുകുന്ദനെ സ്റ്റേഷനുള്ളില്‍ കയറി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ' സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ നീയാരാടാ..? നിന്നെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഞങ്ങള്‍ക്കറിയാം' എന്ന് ഭീഷണിപ്പെടുത്തി. ഈ സമയം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വിഷ്ണു പ്രസാദും പോലീസിനെ ആക്രമിച്ചു. ഏറെ പണിപ്പെട്ടാണ് വിഷ്ണു പ്രസാദിനെ ലോക്കപ്പ് ചെയ്യുകയും അക്രമി സംഘത്തെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയതും. എസ്.എച്ച്.ഒ ചെറുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ സിധിന്‍, നിധിന്‍, രാധാകൃഷ്ണന്‍, മനീഷ്, വിഷ്ണുപ്രസാദ് എന്നിവരടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കരിങ്കൊടി കാണിച്ച സംഭവത്തില്‍ ഡി.വൈ.എഫ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഷജീര്‍ ഇഖ്ബാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.