ബംഗളൂരു: വിശ്വാസത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഇരയാകുന്നതിന്റെ ഏറ്റവും പുതിയ തെളിവായി ബംഗളൂരുവില്‍ നിന്നുള്ള ഒരു പുതിയ തട്ടിപ്പ് കേസ്. ആദായനികുതി വകുപ്പിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ 55-കാരനാണ് ഭാഗ്യം വര്‍ദ്ധിപ്പിക്കാനും ജോലിയിലെ സ്ഥാനക്കയറ്റത്തിനുമായി നടത്തിയ പൂജകള്‍ക്കൊടുവില്‍ തന്റെ സമ്പാദ്യം നഷ്ടമായത്. ഒരു കൈനോട്ടക്കാരന്‍ വാക്കും വിശ്വസിച്ച ഉദ്യോഗസ്ഥന് നഷ്ടമായത് 31 ലക്ഷം രൂപയാണ്. ആദായനികുതി വകുപ്പിന്റെ കോറമംഗള ഓഫിസില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലിചെയ്യുന്ന 55 കാരനായ വി. സത്യനാരായണനാണ് തട്ടിപ്പിന് ഇരയായത്.

2025 ഡിസംബറിലാണ് സത്യനാരായണന്‍ ശേഖര്‍ എന്ന വ്യാജ ജ്യോത്സ്യനെ കണ്ടുമുട്ടിയത്. ഭാരതിനഗറിലെ ശ്രീ സര്‍ക്കിളിനടുത്തുള്ള സെന്റ് ജോണ്‍സ് റോഡിന് സമീപം വഴിയരികില്‍ തത്തയുമായി (ഗിലി ശാസ്ത്രം) ഇരിക്കുകയായിരുന്നു ഇയാള്‍. മുഖം നോക്കി ലക്ഷണം പറയാമെന്നും ജീവിതത്തില്‍ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവ നീങ്ങാന്‍ പ്രത്യേക പൂജ വേണമെന്നും ജ്യോത്സ്യന്‍ പറഞ്ഞു. ഇതിനായി 50,000 രൂപയുടെ ചടങ്ങും നിര്‍ദേശിച്ചു. പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവരങ്ങള്‍ അറിയിക്കാമെന്ന് ഉറപ്പും നല്‍കി. കുറച്ചുദിവസം കഴിഞ്ഞ് കൈനോട്ടക്കാരന്‍ പൂജ നടത്തിയതായി അറിയിച്ചു.

തൊഴിലില്‍ പുരോഗതി നേടാനും സ്ഥാനക്കയറ്റം ലഭിക്കാനും കൂടുതല്‍ ശക്തമായ പൂജകള്‍ ആവശ്യമാണെന്ന് ശേഖര്‍ പറഞ്ഞു. ആദ്യം താത്പര്യം കുറഞ്ഞ ഉദ്യോഗസ്ഥന് കുറച്ചുദിവസം കഴിഞ്ഞ് പ്രൊമോഷനുമായി ബന്ധപ്പെട്ട് തടസം വന്നതോടെ വ്യാജജ്യോത്സ്യനെ വീണ്ടും വിശ്വാസമായി. പരിഹാര ചടങ്ങിനായി വീട്ടില്‍ നിന്ന് സ്വര്‍ണവും വെള്ളിയും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫെബ്രുവരി 20ന് 55കാരന്‍ തന്റെ വീട്ടിലിരുന്ന 194 ഗ്രാം സ്വര്‍ണവും 1.3 കിലോയുടെ വെള്ളിയാഭരണങ്ങളും കൈനോട്ടക്കാരനെ ഏല്‍പ്പിച്ചു. 28 ലക്ഷം രൂപയുടെ സ്വര്‍ണവും 3 ലക്ഷം രൂപയുടെ വെള്ളിയും ഉള്‍പ്പെടെ 31 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.

ചടങ്ങുകള്‍ പൂര്‍ത്തിയായി ഒരു ദിവസത്തിനുള്ളില്‍ വസ്തുക്കള്‍ തിരികെ നല്‍കുമെന്ന് പ്രതി, ഉദ്യോഗസ്ഥനോട് ഉറപ്പ് നല്‍കിയതായി പറയുന്നു. എന്നാല്‍, ചടങ്ങുകള്‍ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞ് അയാള്‍ ഒരു ആഴ്ചയോളം ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല. പകരം കുടുംബവും വലിയ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പൂര്‍ണമായി കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ ഉദ്യോഗസ്ഥന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.