- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോട്ടയം ജില്ലാ അതിര്‍ത്തി കടത്തിവിടില്ലെന്ന് ഉറപ്പിച്ച് നീക്കങ്ങള്‍; തമിഴ്‌നാട് റോഡിലേക്കുള്ള ഗൂഗിള്‍ മാപ്പ് നോക്കി പാഞ്ഞ വാഹനം പരിചയമില്ലാത്ത റോഡില്‍ അകപ്പെട്ടത് നാട്ടുകാരുടെ മുന്നില്‍; അതുല്‍ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഡിവൈഎസ്പി; ആറ് പ്രധാന പ്രതികളെയും പിടികൂടിയെന്ന് പൊലീസ് കമ്മീഷ്ണര്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ അലുവ അതുല്‍ കൊലപാതക കേസില്‍ പ്രധാന പ്രതികളായ ആറ് പേരെയും ഇന്നലെ തന്നെ പിടികൂടാന്‍ സാധിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ എം.ഹേമലത. കേസില്‍ ഇതുവരെ 10 പ്രതികളായ പിടിയിലായത്. ഇവരില്‍ നാല് പേര്‍ സഹായികളാണ്. നൗഫല്‍, ഷംനാദ് , ഷിനു പീറ്റര്‍, മുഹമ്മദ് ഫൈസല്‍ , ബ്ലാക്ക് വിഷ്ണു, അനീര്‍, ഹുസൈന്‍, ആഷിക്ക്, ആദില്‍, അലി ഉമ്മര്‍ എന്നിവരാണ് പിടിയിലായത്. നാല് പ്രതികള്‍ക്കായി പ്രത്യേക സംഘം തമിഴ്‌നാട് അതിര്‍ത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികള്‍ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു. മുണ്ടക്കയം വരെ വാഹനം പിന്തുടര്‍ന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയതെന്നും പൊലീസ് കമ്മീഷ്ണര്‍ വിശദീകരിച്ചു. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാധ്യമങ്ങളുടെ ഇടപെടലിന് നന്ദിയറിയിച്ച കമ്മീഷണര്‍, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. അതുല്‍ അക്രമിക്കപ്പെടുമെന്ന് ഇന്റജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷ്ണര്‍ അറിയിച്ചു.
കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അഖിലിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ എത്തിയ നാലു പ്രതികളെയാണ് സിനിമാ സ്‌റ്റൈലില്‍ പിടികൂടിയത്. കൊല്ലത്തു നിന്നും കൃത്യം നടത്തിയശേഷം നാലംഗസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പല വഴികള്‍ ചുറ്റി രാത്രി എട്ടുമണിയോടെയാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അപ്പോള്‍ മുതല്‍ പൊലീസിന്റെ കണ്ണും ഇവര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. മണിമല വഴി കറുകച്ചാല്‍ എത്തി പൊലീസിനെ വെട്ടിച്ച് ചുറ്റിതിരിഞ്ഞായിരുന്നു ഇവരുടെ യാത്ര.
എന്നാല്‍ കോട്ടയം ജില്ലാ അതിര്‍ത്തി ഇവരെ കടത്തിവിടില്ല എന്ന് ഉറപ്പിച്ച പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും സേനയെ വിന്യസിപ്പിച്ചു പഴുതുകള്‍ അടച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈല്‍ കവലയുടെ സമീപം പൊലീസ് കൈകാണിച്ചു എങ്കിലും വാഹനം നടത്താതെ പോയി. തുടര്‍ന്ന് മുണ്ടക്കയം ബൈപാസ് റോഡില്‍ പൊലീസ് ഇവര്‍ക്ക് കെണിവെച്ചെങ്കിലും ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ദേശീയപാതയിലേക്ക് കയറാതെ പൂഞ്ഞാര്‍ എരുമേലി സംസ്ഥാനപാതയില്‍ ആയി പിന്നെ യാത്ര. ടൗണിന് ഒരു കിലോമീറ്റര്‍ അകലെ പുത്തന്‍ചന്തയില്‍ പിക്കപ്പ് ലോറി വിലങ്ങി വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ നിന്നാണ് ഇവര്‍ എരുമേലി റൂട്ടിലേക്ക് പോയത്. മുണ്ടക്കയത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ അമരാവതി കവലയില്‍ എത്തി പൊലീസിനെ വെട്ടിക്കുവാന്‍ ഇടത്തേക്കുള്ള പുഞ്ചവയല്‍ റോഡിലൂടെ കയറി.
ഇതിനോടകം തന്നെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു പുഞ്ചവയല്‍ ഭാഗത്തേക്ക് പോകുന്നതറിഞ്ഞ് പൊലീസ് സമീപമുള്ള എല്ലാ വഴികളിലും തടസ്സങ്ങള്‍ സൃഷ്ടിച്ചു. തമിഴ്‌നാട് റോഡിലേക്കുള്ള ഗൂഗിള്‍ മാപ്പ് നോക്കിയായിരിക്കാം പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്. അമരാവതി പുഞ്ചവയല്‍ റൂട്ടില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മുരിക്കുമ്പുഴ സ്‌കൂള്‍ ഭാഗത്തേക്കുള്ള ചെറിയ റോഡില്‍ വാഹനവുമായി ഇവര്‍ എത്തി. പരിചയമില്ലാത്ത റോഡില്‍ ഇവര്‍ അകപ്പെടുകയും കാര്‍ വരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ഇവരെ തടഞ്ഞു വെക്കുകയും ആയിരുന്നു. ഉടന്‍തന്നെ പൊലീസ് എത്തുകയും നാലു പ്രതികളെയും സംഭവസ്ഥലത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രധാന റോഡിലേക്ക് കയറ്റി കൊണ്ടുവരികയും ചെയ്തു.
പ്രതികളെ പിടികൂടിയ സ്ഥലത്തുനിന്നും മുരിക്കും വയല്‍, വണ്ടന്‍ പതാല്‍ വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദേശീയപാതയില്‍ ഇടുക്കി ഭാഗത്ത് കയറുവാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് പൊലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കാനും എളുപ്പമായിരുന്നു. ഈ നീക്കങ്ങളാണ് രാത്രി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തകര്‍ത്തത്. 'നിങ്ങള്‍ നാട്ടുകാരുടെ സഹകരണം കൊണ്ടാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത് എല്ലാവര്‍ക്കും കേരള പൊലീസിന്റെ നന്ദി' അര്‍ധരാത്രിയില്‍ മുരിക്കുംവയല്‍ കവലയില്‍ നിന്ന് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ ഉറക്കെ പറഞ്ഞതോടെ ചുറ്റും കൂടി നിന്ന് ജനങ്ങള്‍ ആരവത്തോടെ പൊലീസിന് ജയ് വിളിച്ചു.
ജിം-സന്തോഷ് വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒന്നാം പ്രതി അലുവാ അതുലിനെ കാറില്‍ പിന്‍തുടര്‍ന്നെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. ഗുണ്ടാ സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. രണ്ട് കാറുകളുമായി സംഘം അതുലിന്റെ നീക്കം നിരീക്ഷിച്ചു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ അതുലിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി കാറുകളില്‍ പ്രതികള്‍ ഉണ്ടായിരുന്നു. ഇന്നോവ വാഹനം കൊണ്ട് അതുല്‍ എത്തിയ കാറിനെ ഇടിച്ചിട്ട ശേഷമാണ് വെട്ടി കൊലപ്പെടുത്തിയത്.
അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറില്‍ പിന്‍ തുടര്‍ന്നു. അതുലിന്റെ കാര്‍ നിയന്ത്രണം വിട്ട് നിര്‍മ്മാണം നടക്കുന്ന റോഡില്‍ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും കൂടെയുണ്ടായിരുന്ന കൂട്ടുപ്രതി മനുവിനെയും ആക്രമിച്ചു. കൊല്ലാനുറപ്പിച്ച് അതുലിനെ നിരവധി തവണ വെട്ടി. തലയ്ക്ക് ഏറ്റ വെട്ടുകള്‍ അലുവ അതുലിന്റെ ജീവനെടുത്തു. കൈയ്ക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലിന് പുറത്തിറങ്ങുന്ന അലുവ അതുലിന് വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും റിപോര്‍ട്ട് നല്‍കിയിരുന്നു. മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കരുനാഗപ്പളളി പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടത്.


