വിഴിഞ്ഞം: സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും എടുത്തുമാറ്റിയ ശേഷം പോലീസില്‍ മോഷണ പരാതി നല്‍കിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. വെങ്ങാനൂര്‍ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടില്‍ മനോജിനെ(33) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ചയാണ് മനോജ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്നിടുകയും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഉപയോഗിച്ച് ജനാലയുടെ കമ്പികള്‍ മുറിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു.

വൈകിട്ട് കട്ടച്ചല്‍ക്കുഴിക്ക് സമീപം മീന്‍വില്‍ക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടില്‍ തിരിച്ചെത്തി. വാതില്‍ തുറന്നിട്ടിരിക്കുന്നതും ജനാലകമ്പികള്‍ മുറിച്ചതും കണ്ട് ഭാര്യക്കൊപ്പം ബഹളംവെച്ചു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണത്തിലായിരുന്നു വീട്ടുടമയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്.

ചൊവ്വാഴ്ച രാവിലെ കോവളവും വിഴിഞ്ഞവുമൊക്കെ ഞെട്ടിയ വാര്‍ത്തയായിരുന്നു വെങ്ങാന്നൂരിലെ കവര്‍ച്ച. ഓട്ടോക്കാരന്‍ മനോജിന്റെ വീട്ടില്‍ കള്ളന്‍ കയറി ഏഴ് പവന്‍ സ്വര്‍ണവും പതിനയ്യായിരം രൂപയും തട്ടിയെടുത്തെന്നാണ് പ്രചരിച്ചത്. വീട്ടിലെത്തിയവരോട് മനോജ് തന്നെ മോഷണകാര്യം വിശദീകരിച്ചു. അന്വേഷണത്തില്‍ കള്ളന്‍ കപ്പല്‍ തന്നെയെന്നു തെളിഞ്ഞു. വീട്ടുടമ മനോജ് തന്നെ.

കുറച്ച് ദിവസം മുന്‍പ് മനോജ് മകളുടെ സ്വര്‍ണപാദസരം ആരുമറിയാതെ എടുത്ത് വിറ്റിരുന്നു. ഇക്കാര്യം ഭാര്യയും മക്കളും അറിയാതിരിക്കാന്‍ മെനഞ്ഞ കള്ളക്കഥയാണ് വീട്ടില്‍ കള്ളന്‍ കയറിയെന്നത്. ജനല്‍ കമ്പി അറത്ത് കള്ളന്‍ വീട്ടില്‍ കയറിയെന്നായിരുന്നു പരാതി. പക്ഷെ ജനല്‍ കമ്പി അറുത്തിരിക്കുന്നത് വീട്ടിനുള്ളില്‍ നിന്നാണെന്ന് വ്യക്തമായി.

പരിസരം നിരീക്ഷിച്ച പൊലീസിന് സംശയം തോന്നിയതോടെ കള്ളക്കഥ പൊളിഞ്ഞു. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചപ്പോള്‍ ജനല്‍ ഭാഗത്ത് നിന്ന് ലഭിച്ചത് മനോജിന്റെ മാത്രം വിരലടയാളം. അതോടെ മനോജിനെ പൊക്കി സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതോടെ മോഷണക്കഥ നുണക്കഥയെന്ന് തത്തപറയും പോലെ സമ്മതിച്ചു. അതേ സമയം ഇവര്‍ക്കൊപ്പം താമസിക്കുന്ന ഭാര്യസഹോദരനെ കേസില്‍ കുടുക്കാനാണ് മോഷണ പരാതി നല്‍കിയതെന്നും സൂചനയുണ്ട്. ഇവര്‍തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് വിവരം.

എസ്.എച്ച്.ഒ. വി. ഡി. രെജി രാജ്, എസ്.ഐ.ആര്‍.എസ്. രഞ്ചു, സി.പി.ഒ.മാരായ വിനയകുമാര്‍, രെജിന്‍ എന്നിവരുള്‍പ്പെട്ട സംഘം ഇയാളെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു പ്രതി കുടുങ്ങിയത്. ജനല്‍ക്കമ്പി മുറിച്ചപ്പോഴുണ്ടായ പൊടിയും കൈകളിലുണ്ടായ നിസ്സാര പൊള്ളലും കണ്ടെത്തിയതോടെയാണ് മോഷണം ഇയാളാണ് നടത്തിയതെന്ന് തെളിഞ്ഞത്. കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്തു. തുടര്‍ന്ന് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചിരുന്ന ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.