മുംബൈ: ആത്മീയതയുടെ മറവില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജ്യോതിഷി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ലൈംഗിക പീഡനത്തിനും തട്ടിപ്പിനും അശോക് ഖരാട്ട് (67) എന്ന ജ്യോതിഷി ആണ് അറസ്റ്റിലായത്. 35 കാരിയായ യുവതി നല്‍കിയ പരാതിയിലാണ് പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പക്കല്‍ നിന്നും നിരവധി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി.

മയക്കുമരുന്ന് നല്‍കിയും ഹിപ്‌നോട്ടിസം ചെയ്തും പീഡിപ്പിച്ചെന്നും, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് 35 കാരി ജ്യോത്സ്യനെതിരെ പോലിസില്‍ പരാതി നല്‍തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരക്രിയകള്‍ ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഭര്‍ത്താവിന്റെ മരണം പ്രവചിച്ചും ദുര്‍മന്ത്രവാദത്തിന്റെ ഭീതി ജനിപ്പിച്ചുമാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.

നിരവധി സ്ത്രീകളാണ് ഇയാളുടെ ചതിക്കുഴിയില്‍ വീണതെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്ശ്‌ന പരിഹാരം തേടി ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളെ എല്ലാം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയും ഹിപ്‌നോട്ടൈസ് ചെയ്തും ഇയാള്‍ പീഡനത്തിരയാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓഫിസില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചാണ് ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ 58 ഓളം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വിവരങ്ങള്‍ ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് പൊലിസ് ഖരാട്ടിന്റെ അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയില്‍ ഇയാളുടെ ഫാം ഹൗസിന് പുറത്ത് 'കള്ളന്‍ കള്ളന്‍' എന്ന് പൊലിസ് ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു. ഈ ബഹളത്തിനിടയില്‍ വീടിനുള്ളില്‍ കടന്ന പൊലീസ് സംഘം ഖരാട്ടിനെ കിടപ്പുമുറിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഇയാള്‍ക്ക് മഹാരാഷ്ട്രയില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.