തിരുവനന്തപുരം: ജനവാസ കേന്ദ്രത്തില്‍ എത്തിയ മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞദിവസം കോടതി ഇദ്ദേഹത്തിന്റെ ജാമ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരത്തുള്ള റേഞ്ച് ഓഫീസര്‍ എത്തിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.15-ഓടെ ജാമ്യക്കാരുമായാണ് ശശി ഇവിടെ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസേര നല്‍കിയിട്ടും ശശി അതില്‍ ഇരിക്കാന്‍ തയ്യാറായില്ല. 'ഞാന്‍ പ്രതിയാണ്, താഴെ ഇരുന്നോളാം. എനിക്ക് സൗജന്യം വേണ്ട.' എന്നായിരുന്നു ശശിയുടെ നിലപാട്. സ്വയം പ്രതിയാണെന്ന് സമ്മതിച്ച്, റേഞ്ച് ഓഫീസറുടെ മുറിയില്‍ തറയിലാണ് ശശി ഇപ്പോള്‍ ഇരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയാണ്. റേഞ്ച് ഓഫീസര്‍ എത്തിയശേഷം, വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയ ശേഷമാകും കോടതിയില്‍ ഹാജരാക്കുക.

കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മുള്ളന്‍ പന്നി കയറിയത്. വിവരം അറിഞ്ഞെത്തിയ ശശി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്ത് നില്‍ക്കാതെ ഇരുന്പ് വടി കൊണ്ട് മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണിത്. മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങില്‍ അടക്കം പങ്കെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന് വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശിയുടെ കീഴടങ്ങല്‍.

നിരന്തരം വിവാദത്തില്‍പ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തത്. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്‌കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥര്‍ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ്ജില്‍ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ശശി സെക്രട്ടേറിയേറ്റില്‍ എത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് ശശി തട്ടികയറി. ശശിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമായത്.

സംഭവത്തിന് പിന്നാലെ നാട്ടില്‍നിന്നും മുങ്ങിയ ശശി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനപാലകര്‍ വരുന്നതിന് തൊട്ടുമുമ്പ് സ്ഥലംവിടുന്നതായിരുന്നു ശശിയുടെ രീതി. ഒടുവില്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ശശി ഇന്ന് വനംവകുപ്പിന് മുന്നില്‍ കീഴടങ്ങിയത്.

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. 2024 സെപ്തംബറില്‍ വെള്ളനാട് ശശി പത്തനംതിട്ടയില്‍ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 2021ല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകര്‍ത്ത കേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്‌ലക്‌സ് ബോര്‍ഡില്‍ നല്‍കിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ല്‍ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നല്‍കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ വഴിയില്‍ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു.