- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തമ്പാനൂര്‍ പൊലീസ് സ്ഥിരീകരിച്ച രേഖകളിലെ ജനന തീയതി 1.1.2008; പിതാവ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലെ തീയതി 2009 ഡിസംബര്‍ 30; മൊണാലിസ ഭോസ്ലേയ്ക്ക് പ്രായപൂര്‍ത്തിയായില്ല? ആധാര്‍ വ്യാജമെന്നും പിതാവ്; വിവാഹ രേഖകള്‍ തേടി തിരുവനന്തപുരത്ത് തെളിവെടുത്ത് മധ്യപ്രദേശ് എസ് സി-എസ് ടി കമ്മിഷന്; എം.വി ഗോവിന്ദനും ശിവന്‍കുട്ടിയും സാക്ഷികളായ 'താരവിവാഹം' വിവാദത്തില്‍

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ ചിത്രത്തിലൂടെ പ്രശസ്തയായ മൊണാലിസ ഭോസ്ലേയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നിയമപോരാട്ടത്തിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന പിതാവിന്റെ പരാതിയെത്തുടര്‍ന്ന് മധ്യപ്രദേശ് എസ്.സി-എസ്.ടി കമ്മീഷന്‍ തിരുവനന്തപുരത്തെത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ രേഖകള്‍ കമ്മീഷന്‍ നേരിട്ടെത്തി പരിശോധിച്ചു.
സമൂഹമാധ്യമത്തിലൂടെ തുടങ്ങിയ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മധ്യപ്രദേശ് സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും കേരളത്തില്‍ അഭയം തേടിയത്. തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഇരുവരും വിവാഹം കഴിക്കാനുള്ള താല്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 11-ന് അരുമാനൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നു. തനിക്ക് പ്രായപൂര്‍ത്തിയായെന്നും 2008 ജനുവരി 1 ആണ് ജനനത്തീയതിയെന്നും കാണിക്കുന്ന ആധാര്‍ രേഖകളാണ് മൊണാലിസ ഹാജരാക്കിയിരുന്നത്.
എന്നാല്‍, മൊണാലിസയുടെ പിതാവ് ഈ വാദങ്ങളെ ശക്തമായി എതിര്‍ക്കുന്നു. തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 2009 ഡിസംബര്‍ 30 ആണ് ജനനത്തീയതിയെന്നും കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുമായാണ് അദ്ദേഹം കമ്മീഷനെ സമീപിച്ചത്. ഈ രേഖകള്‍ പ്രകാരം മൊണാലിസയ്ക്ക് വിവാഹസമയത്ത് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ വൈരുദ്ധ്യം പരിശോധിക്കാനാണ് മധ്യപ്രദേശ് കമ്മീഷന്‍ കേരളത്തിലെത്തിയത്. വിവാഹത്തിനായി നല്‍കിയ അപേക്ഷ, ആധാര്‍ പകര്‍പ്പുകള്‍, ക്ഷേത്രം നല്‍കിയ സര്‍ട്ടിഫിക്കറ്റ് എന്നിവ കമ്മീഷന്‍ ശേഖരിച്ചിട്ടുണ്ട്.
വിവാഹത്തിന് പിന്നാലെ തങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് മൊണാലിസ കഴിഞ്ഞ ദിവസം കണ്ണീരണിയുകയുണ്ടായി. തന്റെ ആദ്യ സിനിമയുടെ സംവിധായകനാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും ചിത്രീകരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ സംവിധായകനെതിരെ പ്രതികരിച്ചതിന്റെ പകയാണിതെന്നും മൊണാലിസ ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഭയമാണെന്നും സുരക്ഷിതമായ കേരളത്തില്‍ തന്നെ തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. പ്രായം സംബന്ധിച്ച രേഖകളിലെ പൊരുത്തക്കേടുകള്‍ തെളിയിക്കപ്പെട്ടാല്‍ വിവാഹത്തിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ കേസില്‍ വലിയ തുടര്‍നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂര്‍ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കുന്ന മോണാലിസയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളുമായാണ് പിതാവ് പരാതി നല്‍കിയത്. ഇത് പ്രകരം ജനന തീയതിയും സമയവും 2009 ഡിസംബര്‍ 30 വെകുന്നേരം 5.30 ആണ്. പാരാതിയില്‍ വ്യക്തത തേടിയാണ് കമ്മീഷന്‍ തിരുവനന്തപുരത്തെത്തിയത്. തുടര്‍നടപടികള്‍ പിന്നാലെയുണ്ടാകുമെന്നാണ് വിവരം.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശി ജയകുമാറിന്റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസ കേരളത്തിലെത്തിയിരുന്നതിനാല്‍ വിവരം അറിഞ്ഞ പൊലീസ് മൊണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായെന്ന തെളിവുകള്‍ ഇരുവരും കാണിച്ചതോടെ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.
മൊണാലിസ പിതാവിനൊപ്പം താമസിച്ചിരുന്ന വീട്ടുടമയായ ജയകുമാറിനെ പൊലീസ് വിവരം അറിയിച്ചതോടെ അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി, മണിക്കൂറുകള്‍ക്കൊള്ളില്‍ വിവാഹപ്പന്തലൊരുങ്ങി വിവാഹ രജിസ്‌ട്രേഷനും നടന്നു. എന്നാല്‍, പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്‌തെന്ന് കാട്ടി പിതാവ് കമ്മീഷനെ സമീപിച്ചത്.


