ചന്ദ്രാപൂര്‍: പ്രണയബന്ധത്തെ എതിര്‍ത്തതിന് സ്വന്തം പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ജയന്ത് ബല്ലാവര്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ആര്യ ജയന്ത് ബല്ലാവര്‍, ഭര്‍ത്താവ് ആശിഷ് മഹേഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് സിനിമയെ വെല്ലുന്ന ക്രൂരമായ കൊലപാതകം നടന്നത്.

2023 ഏപ്രില്‍ 25-നാണ് കൊലപാതകം നടന്നത്. ആര്യയും ആശിഷും തമ്മിലുള്ള പ്രണയത്തെ പിതാവ് ജയന്ത് ബല്ലാവര്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ആര്യ പിതാവിന് നല്‍കിയ മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തുകയായിരുന്നു. പാനീയം കുടിച്ച് ഡ്യൂട്ടിക്ക് പോയ ജയന്ത് അവിടെ വെച്ച് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു.ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അസുഖം മൂലമാണ് മരിച്ചതെന്ന് കരുതി അന്ന് പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നില്ല. സംഭവത്തിന് ശേഷം ആര്യ ആശിഷിനെ വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം, ആര്യയുടെ ഭര്‍ത്താവ് ആശിഷ് ഷെഡ്മകെയുടെ കുറ്റസമ്മതത്തെ തുടര്‍ന്നാണ് അന്വേഷണം വീണ്ടും ആരംഭിച്ചത്. ആര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആശിഷ് വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2022 മുതല്‍ ആശിഷുമായി ബന്ധത്തിലായിരുന്ന ആര്യ, അവളുടെ പിതാവ് അവരുടെ ബന്ധത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

വിഷം വാങ്ങാന്‍ ആര്യ തന്റെ ബന്ധുമായി ചൈതന്യ ഗെഡമിന് പണം നല്‍കുകയും മറ്റൊരാള്‍ വിഷം എത്തിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തന്റെ പിതാവിന് നല്‍കിയ മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആശിഷ് പൊലീസിനെ സമീപിച്ച് കുറ്റസമ്മതം നടത്തിയതോടെയാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്, ഇതോടെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജയന്ത് മരിക്കുമ്പോള്‍ ആര്യയും ആശിഷും സര്‍വീസില്‍ ഉണ്ടായിരുന്നില്ല, 2025 ല്‍ മാത്രമാണ് അവര്‍ ജോലിയില്‍ കയറിയതെന്നും ശ്രദ്ധേയമാണ്.