- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍; വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ കണ്ടത് ഭര്‍ത്താവിന്റെ മൃതദേഹം; നിലവിളിച്ചുകൊണ്ട് 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി ഭാര്യ; ബെംഗളൂരുവിനെ നടുക്കി ഐടി ദമ്പതികളുടെ ആത്മഹത്യ; അന്വേഷണം തുടരുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി ലോകത്തെ നടുക്കി തെലങ്കാന സ്വദേശികളായ യുവ സോഫ്റ്റ്വെയര്‍ ദമ്പതികളുടെ ദാരുണാന്ത്യം. ഭര്‍ത്താവിനെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കെട്ടിടത്തിന്റെ പതിനേഴാം നിലയില്‍ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി. തിങ്കളാഴ്ച ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. തെലങ്കാന സിദ്ധിപേട്ട് സ്വദേശികളായ ഭാനു ചന്ദര്‍ റെഡ്ഡി (32), ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഭാനു റെഡ്ഡിയും ഐബിഎം ജീവനക്കാരിയായ ഷാസിയയും ജോലി സംബന്ധമായാണ് ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഷാസിയ ഫ്‌ലാറ്റിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും ഉള്ളില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തയായ യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മുറിക്കുള്ളില്‍ ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായ ഈ കാഴ്ച നല്‍കിയ ആഘാതത്തില്‍ മാനസികമായി തകര്‍ന്ന ഷാസിയ മിനിറ്റുകള്‍ക്കകം കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം കണ്ട് നിമിഷങ്ങള്‍ക്കകമുള്ള യുവതിയുടെ ഈ കടുംകൈ കണ്ടുനിന്നവരെയെല്ലാം നടുക്കത്തിലാഴ്ത്തി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് രണ്ട് പ്രത്യേക എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളോ കുടുംബ വഴക്കോ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. തെലങ്കാനയിലുള്ള ഇവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുത്ത ശേഷം കൂടുതല്‍ വ്യക്തത വരുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐടി മേഖലയിലെ സമ്മര്‍ദ്ദങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


