പാലക്കാട്: പാലക്കാട് പട്ടാമ്പി നേര്‍ച്ചയുടെ 112-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയാകുന്നു. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി നടന്ന നഗരപ്രദക്ഷിണ ഘോഷയാത്രയിലാണ് അപ്രതീക്ഷിതമായി ഇറാനിയന്‍ നേതാവിന്റെ ചിത്രം ഉയര്‍ത്തപ്പെട്ടത്. 'മേഴ്സേഴ്സ്' എന്ന ഉപ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആനപ്പുറത്ത് ഖമനയിയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.

ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്തെ സ്മരണകള്‍ പുതുക്കിയും സൂഫിവര്യനുമായ ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ഓര്‍മ്മയ്ക്കായുമാണ് ആഘോഷിക്കുന്നത്. രാവിലെ കേന്ദ്ര നേര്‍ച്ചാഘോഷക്കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും ചേര്‍ന്ന് കൊടിയേറ്റം നടത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പതിനായിരക്കണക്കിന് ആളുകളാണ് മലബാറിലെ ഈ സാംസ്‌കാരിക വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ പട്ടാമ്പിയിലേക്ക് ഒഴുകിയെത്തിയത്.

വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രി വരെ നീളുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയും ഗജസംഗമവുമാണ് നേര്‍ച്ചയുടെ പ്രധാന ആകര്‍ഷണം. വിവിധ ഉപസമിതികളുടെ നേതൃത്വത്തില്‍ നടന്ന ഈ ഘോഷയാത്രയ്ക്കിടയിലാണ് അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധേയനായ ഇറാന്‍ നേതാവിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള നീക്കം നടന്നത്. ഗള്‍ഫ് നാടുകളിലെയും മിഡില്‍ ഈസ്റ്റിലെയും രാഷ്ട്രീയ ചലനങ്ങള്‍ കേരളത്തിലെ പ്രാദേശിക ആഘോഷങ്ങളിലും പ്രതിഫലിക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി അറിയപ്പെടുന്ന പട്ടാമ്പി നേര്‍ച്ചയില്‍ ഇത്തരമൊരു രാഷ്ട്രീയ പ്രകടനം നടന്നത് സോഷ്യല്‍ മീഡിയയിലടക്കം വലിയ സംവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായുള്ള വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കിടയില്‍ ഖമനയിയുടെ ചിത്രം വേറിട്ടുനിന്നു. ഘോഷയാത്രയും ഗജസംഗമവും ആസ്വദിക്കാന്‍ ആയിരക്കണക്കിനാളുകളാണ് പട്ടാമ്പിയിലേക്ക് എത്തിയത്. ഈ ഘോഷയാത്രയിലാണ് മേഴ്‌സേഴ്‌സ് എന്ന ഉപ ആഘോഷകമ്മിറ്റി ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖമനയിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഉയര്‍ത്തിയത്.

ആയിരക്കണക്കിന് ആനപ്രേമികളും വിശ്വാസികളും ഒത്തുകൂടിയ ചടങ്ങില്‍ യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഇല്ലാതെയാണ് ഘോഷയാത്ര സമാപിച്ചത്. എങ്കിലും, ഒരു പ്രാദേശിക മതപരമായ ചടങ്ങില്‍ വിദേശ നേതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കാം. കഴിഞ്ഞ വര്‍ഷം ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയര്‍ത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 'തറവാടീസ് തെക്കേഭാഗം', 'മിന്നല്‍പ്പട പവര്‍ തെക്കേഭാഗം' തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയത്.

ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിന്‍വറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ കുട്ടികള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നതും ജനക്കൂട്ടം അവരെ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.