കൊച്ചി: യുവനടിയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് നിയമക്കുരുക്ക് മുറുകുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഷൂട്ടിങ് സെറ്റില്‍ വെച്ച് അതിക്രമം നടന്ന ഉടനെ നടി കരഞ്ഞുകൊണ്ട് പുറത്തുവരുന്നത് കണ്ടവരുണ്ടെന്നും ഈ ദൃക്സാക്ഷി മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. പരാതിയില്‍ പ്രാഥമികമായി തന്നെ വലിയ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായി പോലീസ് പിടിയിലായത്. കൊച്ചിയില്‍ നിന്ന് തൊടുപുഴയിലേക്ക് മാറിയ പ്രതിയെ ഇടുക്കി പോലീസിന്റെ സഹായത്തോടെ വഴിയില്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ശേഷം നടി കടുത്ത മാനസികാഘാതം നേരിട്ടിരുന്നുവെന്നും ഇതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ തേടിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ ചികിത്സാ രേഖകളും നടിയുടെ മാനസികാവസ്ഥ വ്യക്തമാക്കുന്ന തെളിവുകളും കോടതിയില്‍ ഹാജരാക്കും.

കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ ഉദയംപേരൂര്‍ എസ്എച്ച്ഒയും രണ്ട് വനിതാ ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് (ടകഠ) കേസ് കൈകാര്യം ചെയ്യുന്നത്. 'രഞ്ജിത്തിനെപ്പോലെ സിനിമയിലെ ഉന്നതനായ ഒരാള്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ തന്റെ സ്വകാര്യതയെക്കുറിച്ച് നടിക്ക് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വിശദമായ മൊഴിയെടുത്തപ്പോള്‍ അതിക്രമം നടന്നതായി ബോധ്യപ്പെട്ടു,' കമ്മിഷണര്‍ പറഞ്ഞു.

മുന്‍പ് സമാനമായ രണ്ട് പരാതികള്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണ ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷി മൊഴികളും ഉള്ളതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും നിയമത്തിന് മുന്നില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.