തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരണ്‍ എന്ന പൊലീസുകാരനെതിരെ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി.

ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ഈ കാര്‍ അവിടെനിന്നും മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കിരണിനെ പ്രകോപിപ്പിക്കുകയും വാക്കുതര്‍ക്കത്തിലേക്കും പിന്നീട് കൈയേറ്റത്തിലേക്കും നീങ്ങുകയുമായിരുന്നു.

പൊലീസ് ആസ്ഥാനം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയ്ക്ക് മുന്നില്‍ പൊലീസുകാര്‍ പരസ്യമായി ഏറ്റുമുട്ടിയത് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. മര്‍ദ്ദനമേറ്റ വിശാഖ് ഉടന്‍ തന്നെ മ്യൂസിയം സ്റ്റേഷനിലെത്തി കിരണിനെതിരെ ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.

നഗരമധ്യത്തില്‍ പട്ടാപ്പകല്‍ നടന്ന ഈ സംഭവത്തിന് നിരവധി നാട്ടുകാര്‍ ദൃക്‌സാക്ഷികളായി. ക്രമസമാധാനം പാലിക്കേണ്ടവര്‍ തന്നെ പൊതുമധ്യത്തില്‍ അച്ചടക്കം ലംഘിച്ചത് ഗൗരവകരമായ വിഷയമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.