- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വെള്ളം ചോദിച്ചെത്തി ക്രൂരത; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആന്ധ്രയില്‍ നാടുനടുക്കിയ സംഭവം, പ്രതിക്കായി വലവീശി പോലീസ്

അമരാവതി: ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. മച്ചേര്‍ല പട്ടണത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
വീട്ടില്‍ യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയാണ് പ്രതി എത്തിയത്. വെള്ളം ആവശ്യപ്പെട്ട് വാതിലില്‍ മുട്ടിയ ഇയാള്‍, യുവതി വാതില്‍ തുറന്നതോടെ അകത്തേക്ക് അതിക്രമിച്ചു കയറി. തുടര്‍ന്ന് തുണികൊണ്ട് യുവതിയുടെ വായ മൂടിക്കെട്ടുകയും കഠാര കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം യുവതിയുടെ കൈകള്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
യുവതിയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ബന്ധുവാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ മച്ചേര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട ഏരിയ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതിയെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പട്ടാപ്പകല്‍ ജനവാസ മേഖലയില്‍ നടന്ന ഈ സംഭവം പ്രദേശവാസികളില്‍ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്ത്രീകള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.


