- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബിസ്‌കറ്റ് നല്കി സലൂണ്‍ ജീവനക്കാരിയോട് പ്രണയാഭ്യര്‍ത്ഥന; നിരസിച്ച യുവതിയെ പിരിച്ചുവിട്ടു; സലൂണ്‍ ഉടമയെയും ഭാര്യയെയും മര്‍ദ്ദിച്ച് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും

ബെംഗളൂരു: ബെംഗളൂരു ആവലഹള്ളിയിലെ സലൂണ്‍ ഉടമയ്ക്ക് നേരെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയോട് ഉടമ പ്രണയാഭ്യര്‍ത്ഥന നടത്തുകയും, അത് നിരസിച്ച യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പറയപ്പെടുന്നു. ആവലഹള്ളിയിലെ 'സ്‌കിന്‍ ഷൈന്‍ ഫാമിലി സലൂണ്‍' ഉടമ മോഹന്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്: സലൂണിലെ ബ്യൂട്ടീഷ്യനായിരുന്ന സുഷമയോട് ഉടമ മോഹന്‍ കുമാര്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഒരു ബിസ്‌കറ്റ് നല്‍കിക്കൊണ്ടാണ് ഇയാള്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. എന്നാല്‍ സുഷമ ഇത് കര്‍ശനമായി നിരസിച്ചു. ഇതിന് പിന്നാലെ സുഷമയെ ജോലിയില്‍ നിന്ന് മോഹന്‍ കുമാര്‍ പിരിച്ചുവിട്ടു. പ്രകോപിതയായ സുഷമ വിവരം ഭര്‍ത്താവിനെ അറിയിക്കുകയും, തുടര്‍ന്ന് സുഷമയുടെ ഭര്‍ത്താവും നാലഞ്ചോളം സുഹൃത്തുക്കളും സലൂണിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
മോഹന്‍ കുമാറിനെ സലൂണിനുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഇയാളുടെ ഭാര്യ ശ്രീജയ്ക്കും പരിക്കേറ്റു. അക്രമിസംഘം ശ്രീജയെ കഴുത്തിന് പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സലൂണിലെ മറ്റ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സലൂണിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് പിന്നാലെ സുഷമയും ഭര്‍ത്താവും സംഘവും ഒളിവില്‍ പോയിരിക്കുകയാണ്. മോഹന്‍ കുമാറിന്റെയും ഭാര്യയുടെയും പരാതിയില്‍ ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.


